Site iconSite icon Janayugom Online

കമൽനാഥും ബിജെപിയിലേക്ക്?

മുതിർന്ന കോൺ‌ഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. രാജ്യസഭാ എംപി വിവേക് തന്‍ഖയ്ക്കും ബിജെപിയുടെ ഓഫര്‍ ലഭിച്ചതായി വിവരമുണ്ട്. കമൽനാഥിന് രാജ്യസഭാ സീറ്റും മകനും കോൺഗ്രസ് എംപിയുമായ നകുൽ നാഥിന് ചിന്ദ്വാരയിലെ ലോക‌്സഭാ സീറ്റും മന്ത്രിപദവുമാണ് ബിജെപി വാഗ്ദാനം. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ എന്നിവരുടെ പിന്തുണയോടെയാണ് കമൽനാഥിനെ പാർട്ടിയിലേക്കെത്തിക്കുന്നതിനുള്ള ശ്രമം. 

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടർന്ന് സംസ്ഥാന നേതൃത്വത്തില്‍ എഐസിസി അഴിച്ചുപണി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേതൃ ചുമതലകളില്‍ നിന്നും കമല്‍നാഥിനെ നീക്കി. ഏറെക്കാലം ഈ രീതിയില്‍ തുടരില്ലെന്നാണ് കമല്‍നാഥ് നല്‍കുന്ന സൂചന. നിരവധി തവണ കേന്ദ്രമന്ത്രിയായ, ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കമല്‍നാഥ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. അടുത്തിടെ മുഖ്യമന്ത്രി മോഹൻ യാദവ് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നഡ്ഡ എന്നിവരുമായി നടത്തിയ ചർച്ചയിൽ വിഷയം ചർച്ചയായി.
ബിജെപി നേതൃത്വവുമായി കമൽനാഥ് നേരിട്ട് ചർച്ച നടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ സോണിയാഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കമൽനാഥ് രാജ്യസഭാ സീറ്റ് എന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാൽ കോൺഗ്രസ് മുഖം തിരിച്ചതോടെയാണ് കമൽനാഥ് കളം മാറ്റി ചവിട്ടാൻ ഒരുങ്ങുന്നത്. നാളെ കമല്‍നാഥ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. ഇത് കമല്‍നാഥിന്റെ ശക്തിപ്രകടനമായും മാറിയേക്കും. വിരുന്നില്‍ പങ്കെടുക്കുന്ന എംഎല്‍എമാരുടെ എണ്ണം പല കാര്യങ്ങളും വ്യക്തമാക്കുമെന്ന് കമല്‍നാഥ് പക്ഷക്കാരനായ ഒരു എംഎല്‍എ പ്രതികരിച്ചു. 

Eng­lish Summary:Kamalnath too to BJP?
You may also like this video

Exit mobile version