Site iconSite icon Janayugom Online

കനലോർമ്മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത്

സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിന് മുന്നോടിയായി ഇന്ന് അക്ഷരനഗരിയിൽ കനലോർമ്മ, കാനം സ്നേഹസായന്തനം എന്ന അപൂർവ്വസംഗമം നടക്കും. ബസേലിയസ് കോളജ് അതിന്റെ സമ്പന്നമായ വിദ്യാർത്ഥി ചരിത്രത്തിൽനിന്നും കേരളരാഷ്ട്രീയ നേതൃനിരയിൽ നിർണായക ഇടം അടയാളപ്പെടുത്തിയ പൂർവ്വവിദ്യാർത്ഥിക്ക് സ്മരണാഞ്ജലിയും സുഹൃദ്‌സംഗമവും ഗാനാർച്ചനയും ചേർന്ന ഒത്തുചേരലിനു വേദിയാവും. 3.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാനം രാജേന്ദ്രന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ മുഖ്യാതിഥി ആകും.

മന്ത്രിമാരായ വി എൻ വാസവൻ, ജി ആർ അനിൽ, രമേശ് ചെന്നിത്തല എംഎല്‍എ, വൈക്കം വിശ്വൻ, പന്ന്യൻ രവീന്ദ്രൻ, എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, കെ സി ജോസഫ്, കെ ജെ തോമസ്, അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണകുറുപ്പ്, ചീഫ് വിപ്പ് എൻ ജയരാജ്, ജോസ് പനച്ചിപ്പുറം, ജോണി ലൂക്കോസ്, രവി ഡിസി, ചലച്ചിത്ര സംവിധായകരായ വിനയൻ, ജോഷി മാത്യു, വേണു, ഗായിക പി കെ മേദിനി, ഡോ എസ് ശാരദക്കുട്ടി, ഡോ. മ്യൂസ്കാരി ജോർജ്, അടക്കം രാഷ്ട്രീയ, സാമൂഹിക, കലാസാംസ്കാരിക മേഖലകളിലെ നൂറോളം പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

ആർട്ടിസ്റ്റ് സുജാതനും ഗ്രാഫിക് ഡിസൈനർ എസ് രാധാകൃഷ്ണനും ചേർന്ന് രൂപകൽപ്പന ചെയ്ത വേദിയിൽ കോട്ടയം പൗരാവലിയുടെ സ്മരണോപഹാരം കാത്തോലിക്കാ ബാവ കാനം രാജേന്ദ്രന്റെ പത്നി വനജാ രാജേന്ദ്രന് കൈമാറും. സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, കുര്യൻ കെ തോമസ്, പി ടി സാജുലാൽ, ഫാ. എമിൽ പുള്ളിക്കാട്ടിൽ, എബ്രഹാം കുര്യൻ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് എന്നിവർ അടങ്ങുന്ന സമിതിയാണ് സംഗമത്തിന് നേതൃത്വം നൽകുന്നത്.

Exit mobile version