സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നല്‍കി തലസ്ഥാന നഗരം. പട്ടം പിഎസ് സ്മാരകത്തിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. പ്രിയനേതാവിനെ കാണാൻ ആയിരങ്ങളാണ് സിപിഐയുടെ പട്ടത്തെ ആസ്ഥാനത്തേക്ക് എത്തിയത്. രാഷ്ട്രീയ – സാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും കാനത്തിന് അന്ത്യോപചാരമർപ്പിക്കാൻ തിരുവനന്തപുരത്തെത്തി. സിപിഐയുടെ ദേശീയ നേതാക്കളും പല മുതിർന്ന കോൺഗ്രസ് നേതാക്കളും പി എസ് സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും. സിപിഐ കോട്ടയം ജില്ലാ കൗണ്‍സില്‍ ഓഫിസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോവും.