അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിവരെ പട്ടം പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
മൃതദേഹത്തിനൊപ്പം മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, സിപിഐ നേതാവ് ബിനോയ് വിശ്വം, കാനത്തിന്റെ മകന്‍ സന്ദീപ് എന്നിവരും വിമാനത്തിലുണ്ടായിരുന്നു. കാനത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മന്ത്രി ജി ആര്‍ അനില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷം ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം കാനത്തെ വീട്ടിലെത്തിക്കുക. സംസ്കാരം നാളെ രാവിലെ 11ന് കോട്ടയം കാനത്തുള്ള വീട്ടുവളപ്പില്‍ നടക്കും.