Site iconSite icon Janayugom Online

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് സംഭാവന നല്‍കിയ ജനകീയന്‍

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരിക്കലും വിസ്മരിക്കാനാവാത്ത നാമമാണ് പി കെ വാസുദേവന്‍ നായരുടേത്. പികെവിയുടെ 18-ാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്. കഴി വുറ്റ സംഘാടകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, ഭരണാധികാരി, പ്രഭാഷകന്‍ തുടങ്ങിയ നില കളില്‍ കേരള ജനതയുടെ മനസില്‍ പികെവി നിറഞ്ഞ് നിന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്തേക്കു കടന്നു വന്നത്. വളരെ വേഗത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും ദേശീയ നേതാവുമായി ഉയര്‍ന്നു. വിദ്യാര്‍ത്ഥികളുടെ അവകാശ സമ്പാദനത്തിനായി എണ്ണമറ്റ സമരങ്ങള്‍ക്ക് പികെവി നേതൃത്വം നല്‍കി. ആലുവ യുസി കോളജ് സ്വാതന്ത്ര്യ ധ്വനികളാല്‍ മുഖരിതമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പികെവി ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങളില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുസി കോളജ് യൂണിറ്റിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു പ്രസംഗത്തിന്റെ പേരില്‍ അക്കാലത്ത് പികെവിക്കെതിരെ അറസ്റ്റ് വാറണ്ടുണ്ടായി. യുസി കോളജ് പഠനം കഴിഞ്ഞ പികെവി തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നു. അവിടം മുതല്‍ ജനാധിപത്യഭരണ വ്യവസ്ഥയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്ന് നേതൃത്വം നല്‍കി. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പികെവി, 1945ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.


ഇതുകൂടി വായിക്കൂ: പികെവി


1948ല്‍ ഒളിവില്‍പ്പോയി. ഒളിവുകാലത്ത് കേരളത്തിലുടനീളം സഞ്ചരിച്ച് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. 1951ല്‍ പാര്‍ട്ടിയുടെ മേലുള്ള നിരോധനം നീങ്ങിയതിനു ശേഷം, അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ഭാഗമായി അഖില കേരള വിദ്യാര്‍ത്ഥി ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ധാരാളം വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. സ്കൂള്‍-കോളജ് മാനേജ്‌മെന്റുകളുടെ ധിക്കാരവും ഗര്‍വും നിറഞ്ഞ സമീപനങ്ങള്‍ക്കെതിരായി നടന്ന ആ സമരങ്ങള്‍ ചരിത്രത്തിലിടം നേടിയവയായിരുന്നു. അതിനിടെ പികെവി അറസ്റ്റ് ചെയ്യപ്പെട്ടു. ജയില്‍ മോചിതനായി പുറത്തു വന്നപ്പോള്‍ അദ്ദേഹം പാര്‍ട്ടി കേന്ദ്രത്തിലെ ശ്രദ്ധേയരായ നേതാക്കളില്‍ ഒരാളായി മാറി. 1954ല്‍ പാര്‍ട്ടി പികെവിയെ ജനയുഗം പത്രത്തിന്റെ മുഖ്യ ചുമതലക്കാരനാക്കി. 1957ല്‍ നടന്ന രണ്ടാമത് പൊതു തെരഞ്ഞെടുപ്പില്‍ പികെവിയെ തിരുവല്ല പാര്‍ലമെന്റ് മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കുകയും വിജയിക്കുകയും ചെയ്തു. 1959 ല്‍ അഖിലേന്ത്യാ യുവജന ഫെഡറേഷന്‍ രൂപം കൊണ്ടപ്പോള്‍ സംഘടനയുടെ ആദ്യ പ്രസിഡന്റായ പികെവി, ലോക യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1962ല്‍ അമ്പലപ്പുഴ നിന്നും 1967ല്‍ പീരുമേട് നിന്നും പാര്‍ലമെന്റംഗമായി.


ഇതുകൂടി വായിക്കൂ: സൗമ്യം, ദീപ്തം പികെവി


1977ല്‍ തന്റെ പ്രവര്‍ത്തന കേന്ദ്രം കേരളത്തിലേക്ക് മാറ്റിയ പികെവി, ആലപ്പുഴ നിന്നും നിയമസഭാംഗമായി. 1977–78ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ വ്യവസായം, വിദ്യുച്ഛക്തി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ആന്റണി രാജിവച്ച് ഒഴിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായി. ഇടതുപക്ഷ ജനാധിപത്യമുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കെ കരുണാകരന്റെ കാസ്റ്റിങ് മന്ത്രിസഭാകാലത്ത് പികെവി പ്രതിപക്ഷ നേതാവായി. അന്ന് എ സി ജോസ് സ്പീക്കറായപ്പോള്‍ പികെവി നടത്തിയ അനുമോദന പ്രസംഗം ശ്രദ്ധേയമാണ്. അത് ഇങ്ങനെ: ‘സര്‍, അങ്ങ് ഈ സഭയുടെ റഫറിയാണ്. റഫറി ഗോളടിക്കരുത്. അഥവാ ഗോളടിക്കേണ്ടി വന്നാല്‍ ഒരു ഗോള്‍ അപ്പുറത്ത് അടിച്ചാല്‍ ഒരു ഗോള്‍ ഇപ്പുറത്തും അടിക്കണം’. 1984ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയാവുകയും 1998 വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗമായി പ്രവര്‍ത്തിച്ചു വരവേയാണ് മരണം. 2004ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി തിരുവനന്തപുരത്തുനിന്ന് പികെവി ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ചു. സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ താത്വിക വാരികയായ ‘നവയുഗ’ ത്തിന്റെ പത്രാധിപരായും അദ്ദേഹം പ്രവര്‍ത്തിച്ചു. മാനവികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് വലിയ സംഭാവനകള്‍ നല്‍കിയ പികെവി തന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയ സത്യസന്ധതയുടെയും കുലീനതയുടെയും പ്രതീകമായിരുന്നു. എല്ലാത്തിനെയും വര്‍ഗീയവല്‍ക്കരിക്കാനാണ് കേന്ദ്രത്തിലെ ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. അതിനെതിരെ ഇടതു ജനാധിപത്യ മതേതര ശക്തികളുടെ ഐക്യനിര വളര്‍ന്നു വരേണ്ടതുണ്ട്. അതിനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അര്‍പ്പിത മനസോടെ മുന്നേറുന്നത്. പികെവിയുടെ സ്മരണ നമ്മുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരട്ടെ.

Exit mobile version