Site icon Janayugom Online

കേരള ഹര്‍ത്താല്‍ വിജയിപ്പിക്കുക: കാനം രാജേന്ദ്രന്‍

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ നടക്കുന്ന ഹർത്താൽ വിജയിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാ ഘടകങ്ങളും വർഗബഹുജന സംഘടനകളും തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യർത്ഥിച്ചു. അതിവിനാശകരമായ കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കർഷകരുടെ അതിജീവനപോരാട്ടം പത്തു മാസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

അഞ്ഞൂറോളം കർഷകരാണ് ഈ പ്രക്ഷോഭത്തിൽ രക്തസാക്ഷിത്വം വരിച്ചത്. വെടിവയ്പ് ഉൾപ്പെടെയുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കർഷകരുടെ സമരവീര്യം തകർക്കാൻ സംഘപരിവാറും മോഡി ഭരണകൂടവും ശ്രമിച്ചിട്ടും അവർക്ക് അതിൽ വിജയം വരിക്കാൻ കഴിഞ്ഞിട്ടില്ല. ചെറുത്തു നിൽപ്പും പോരാട്ടവും പാരമ്പര്യമായി കൈമുതലായിട്ടുള്ള ഇന്ത്യയിലെ കർഷകർ സമര പഥത്തിൽ അടിയുറച്ചു നിൽക്കുകയാണ്. 

കർഷക സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് തൊഴിലാളികളും ഇതര വർഗബഹുജന സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും കലാ സാംസ്കാരിക രംഗത്തുള്ളവരും ഉൾപ്പെടെ ഭാരത് ബന്ദ് വിജയിപ്പിക്കാൻ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കോർപ്പറേറ്റ് ചങ്ങാത്ത, മുതലാളിത്ത പ്രീണനനയത്തിന്റെ ഫലമായി ജനജീവിതം അനുനിമിഷം ദുസഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം വിപുലപ്പെടുത്തുകയും സമരരംഗത്തിറങ്ങുകയും ചെയ്യുകയെന്നത് അനിവാര്യമാണെന്ന് കാനം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Eng­lish Sum­ma­ry : kanam rajen­dran requests for the suc­cess of ker­ala harthal 

You may also like this video :

Exit mobile version