സഖാവിന് മരണമില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സഖാവ് കാനം രാജേന്ദ്രന്റെ ഭൗതികശരീരം അഗ്നിയേറ്റുവാങ്ങി. ഞായറാഴ്ച രാവിലെ 11ന് ജന്മനാടായ കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി അന്ത്യവിശ്രമംകൊള്ളുന്നത് കോട്ടയം വാഴൂര്‍ കാനത്തെ തറവാട്ടു വീടായ കൊച്ചുകളപ്പുരയിടത്തിന്റെ തെക്കേ ഭാഗത്തോ പുളിമരചുവട്ടില്‍ അച്ഛനും, അമ്മയ്ക്കും ഒപ്പം. ശനിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്.
പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മുതല്‍ കോട്ടയം വരെ 12 മണിക്കൂര്‍ നീണ്ട വിലാപ യാത്രക്കൊടുവിലാണ് കാനത്തിന്‍റെ മൃതദേഹം വീട്ടിലേക്ക് എത്തിക്കുന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാരും, ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ പാരര്‍ട്ടി നേതാക്കളും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും ഒരു പോലെ തിളങ്ങി നിന്ന നേതാവാണ് കാനം രാജേന്ദ്രന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തെത്തിയ കാനം രാജന്ദ്രന്‍ മൂന്നു തവണ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അസാധാരണമായ സംഘടനാവൈഭവം കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങള്‍ക്ക് വലിയ കരുത്തായിരുന്നു കാനം.