കരിമഷിയാൽ
വാലിട്ട് കണ്ണെഴുതി
നെറ്റിയിൽ സിന്ദൂരതിലകം ചാർത്തി
കാച്ചെണ്ണ മണമൂറും
കാർകൂന്തൽ മെടഞ്ഞിട്ട്
മുല്ലപ്പൂ ചാർത്തി
വാൽക്കണ്ണാടി നോക്കി
വൃശ്ചികപ്പൂനിലാവിനോട് കിന്നരിച്ച്
കാത്തിരിപ്പാരെ നീ വെൺചന്ദ്രികേ...!
മാറത്ത് ചാർത്തിയ കല്ല് മാല
പാലൊളി പുഞ്ചിരി തൂകി നിന്നു
താരകപൂച്ചിരി ചുണ്ടിലൂറി
പടി കടന്നെത്തുന്ന മാരനെ -
പുൽകിടാൻ
നേരമെത്രയായ് കാത്തിരിപ്പൂ
തൊടിയിലെ പൂമൊട്ടൊന്നൊളിഞ്ഞു നോക്കി,
രാപ്പക്ഷിയേതൊ ഈണമിട്ടു
വിജനമാം വീഥിയ്ക്ക് പൊൻപ്രഭ ചാർത്തി
പാലൊളി ചന്ദ്രിക നിറഞ്ഞുനിന്നു
പാരിജാത പൂമണം
പേറിയെത്തും
കുളിർക്കാറ്റ് വന്നൊന്ന് തഴുകി നിന്നു,
കാത്തു കാത്തുന്മേഷം കൊഴിഞ്ഞിടുന്നു
കണ്ണിലുറക്കം പതുങ്ങി നിൽക്കെ
ഉൾത്തുടിപ്പാൽ കൺതടം വിറച്ച്
കാത്തിരിപ്പിൻ വിരസത
തൻ വിതുമ്പലിൽ നിന്നൊരായിരം
കണ്ണീർക്കണങ്ങൾ പെയ്തു.