Site iconSite icon Janayugom Online

മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

നാട്ടകം സിമന്റ് കവലയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസം ബർപട്ടാ സർത്തേ ബരി ജബ്റികുച്ചി സന്തോഷ് സർക്കാർ മകൻ ഇന്ദ്രജിത്ത് സർക്കാരി (25) നെയാണ്  കമ്മിഷണർ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോട്ടയം സ്പെഷ്യൽ സ്ക്വാഡും ചേർന്ന് പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.സൂരജിന്റെയും, എക്സൈസ് കമ്മിഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി.പിള്ളയുടെയും നേതൃത്വത്തിലുളള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെ നാട്ടകം സിമന്റ് കവലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.  നാട്ടകം പ്രദേശത്ത് വൻ തോതിൽ ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവുമായി എത്തുന്നതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. മുൻപ്  കഞ്ചാവ് ഇന്ദ്രജിത്ത് എത്തിച്ചതായി  എക്സൈസ് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഒരു മാസമായി ഇയാൾ എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് പ്രതി ഇന്ദ്രജിത്ത് കഞ്ചാവുമായി ട്രെയിൻ മാർഗം എത്തുന്നതായി എക്സൈസ് സംഘം കണ്ടെത്തിയത്.
തുടർന്ന് ,  കമ്മിഷണർ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും കോട്ടയം സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. റെയിഡിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് , എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ കെ രാജീവ് , കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ കെ.എൻ സുരേഷ് കുമാർ , എം. അസീസ് , സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫിസർ എം.നൗഷാദ് , സിവിൽ എക്സൈസ് ഓഫിസർമാരായ വിശാഖ് എ.എസ് , സന്തോഷ് കുമാർ വി.ജി , രാജേഷ് പ്രേം , ജോസഫ് തോമസ് , സി.എസ് നസീബ് എന്നിവർ പങ്കെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Exit mobile version