ബാദാമിയിലേക്കുള്ള വഴിമധ്യേ ചിക്കമഗളൂരുവിൽ എത്തുമ്പോൾ രാത്രിയായി. നഗരഹൃദയത്തിലുള്ള ‘രാജ്മഹലി’ലാണ് താമസം. തൊട്ടടുത്തുതന്നെയുള്ള ‘വിഷ്ണു ഡെലികസി’യിൽവച്ചായിരുന്നു അത്താഴവും പ്രാതലുമെല്ലാം. രണ്ടുനേരവും ഭക്ഷണത്തോടൊപ്പം കർണാടകയുടെ സവിശേഷ വിഭവമായ നീർദോശയും ഉൾപ്പെടുത്താൻ മറന്നില്ല. അരിയിൽ ഉഴുന്ന് ചേർക്കാതെ അരച്ചുണ്ടാക്കുന്ന മാവ് പുളിപ്പിക്കാതെയാണത്രെ നീർദോശ പാകം ചെയ്യുന്നത്. ചട്ണിയോ മറ്റെന്തെങ്കിലും വെജ് കറിയോ മുട്ട റോസ്റ്റോ ഒപ്പം കൂട്ടാം. ദോശമാവിൽ ചേർക്കുന്ന വെള്ളത്തിൻറെ അനുപാതം കൃത്യമാണെങ്കിൽ നീർദോശ നമ്മുടെ വായിൽവച്ചാൽ അലിഞ്ഞുപോകും! ഇത്, ബംഗളൂരുവിൽ കുറേക്കാലം താമസിച്ചിട്ടുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പ്രവീൺ പ്രേംകുമാറിന്റെ നിരീക്ഷണമാണ്. അത്രയേറെ മാര്‍ദവമായിരിക്കുമെന്നർത്ഥം.
മലപ്പുറത്ത് ഇതിനു സമാനമായ ഒരു ദോശയുണ്ട്. തലേന്നാൾ പച്ചരി വെള്ളത്തിലിട്ട് വച്ച്, പിറ്റേന്ന് കാലത്ത് അരച്ചുണ്ടാക്കുന്ന ദോശമാവിൽ തേങ്ങ ചിരവിയിടും. തേങ്ങാചിരവ് ഇടാതെയും ഇതുണ്ടാക്കാം. സോഫ്റ്റ്നെസ് കിട്ടാൻ അൽപം പഴയ ചോറ് മാവിൽ അരച്ചുചേർക്കുകയുമാവാം. ദോശച്ചട്ടിയിൽ മാവ് നേർമ്മയോടെ കലക്കിയൊഴിച്ച് പത്തു സെക്കന്റ് മൂടിവയ്ക്കണം. ഇമ്മട്ടിലാണ് മലപ്പുറം ദോശ ഉണ്ടാക്കുന്നത്. വെജ് കറികളും വേണമെങ്കിൽ നോൺ വെജ് ഐറ്റംസും ഈ ദോശയോടൊപ്പം കൂട്ടാം. ചെറുപ്പം മുതലേ കഴിച്ചു നല്ല ശീലമുള്ളതാണ് അരിമാവ് കലക്കിപ്പാർന്നുണ്ടാക്കുന്ന ഈ ദോശ.
സഹ്യാദ്രി മലനിരകളുടെ താഴ്വാരത്തുള്ള മനോഹര ഭൂമികയായ ചിക്കമഗളൂരു, കടൽപ്പരപ്പിൽനിന്ന് 3600 അടി ഉയരത്തിലാണ്. ഒരു ഹിൽ സ്റ്റേഷനിലെ കാലാവസ്ഥയും ഉഷ്ണമേഖലാ മഴക്കാടുകളുടെയും കാപ്പിത്തോട്ടങ്ങളുടെയും സാന്നിധ്യവും ഇവിടം സന്ദർശകർക്ക് പ്രിയമുള്ളതാക്കുന്നു. പശ്ചിമഘട്ടത്തിൽ നിന്നുൽഭവിക്കുന്ന തുംഗ നദി ചിക്കമഗളൂരുവിലൂടെ ഒഴുകി ഷിമോഗയിലെ കൂട്ലിയിൽവച്ച് ഭദ്രയിൽ ചേരുന്നു. പിന്നെ തുംഗഭദ്രയായി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളെ നീരണിയിച്ച് കൃഷ്ണാ നദിയിലെത്തുന്നു.
ഉത്തരമധ്യ കന്നഡ ദേശത്തിലെ പൗരാണിക ചരിത്രസ്മാരകങ്ങൾ സന്ദർശിക്കുക എന്നതാണ് ഞങ്ങളുടെ ഈ യാത്രയുടെ ലക്ഷ്യം. അതിനാൽ ബാദാമിയിലേക്ക് വച്ചുപിടിക്കാനുള്ള ഓട്ടം തുടർന്നു. ബീക്കണഹള്ളി, ദാസറഹള്ളി, ബോറണഹള്ളി, ലക്ഷ്മിപുര, സരസ്വതിപുര വഴി കടൂർ പട്ടണത്തിൽനിന്ന് ദേശീയപാത 69ൽ കയറി. നാൽപത്തിമൂന്ന് കിലോമീറ്ററുകൾ പിന്നിട്ടശേഷം ബിരൂരിൽവച്ച് സംസ്ഥാന പാതയിലേക്ക് മാറി. അജംപുര റോഡിലൂടെ ഇൻഗ്ലരണഹള്ളി, യാരെഹള്ളി, സോമനഹള്ളി, കുരുബറഹള്ളി എന്നീ സ്ഥലങ്ങൾ കടന്നുപോയി.
അപരിചിതമായ ഇടങ്ങളിലൂടെ കടന്നുപോകുമ്പോൾ വഴികാണിക്കാൻ നമുക്കെല്ലാം സഹായഹസ്തവുമായി വരുന്നത് ഗൂഗിൾ മാപ്പും ഇതര ജിപിഎസ് ആപ്പുകളുമാണല്ലോ. റോഡുകളുടെ പേരും തിരിയേണ്ടത് എവിടെവച്ചാണെന്നും പിന്നിടേണ്ട ദൂരവുമെല്ലാം പറഞ്ഞുതരുന്ന മനോഹര ശബ്ദം എല്ലാവർക്കും ഇന്നു സുപരിചിതമാണ്. ഞങ്ങളും ആ കിളിമൊഴി കേട്ടുകൊണ്ടാണ് യാത്ര ചെയ്തത്. അൽപനേരം ഗൂഗിൾ സുന്ദരിയുടെ കളകളനാദം കേൾക്കാതായാൽ, എവിടെവച്ചെങ്കിലും വഴിയെപ്പറ്റി സംശയമുദിച്ചാൽ കൂട്ടുകാരൻ ജോയി ചോദിക്കും: മോളേ, നീ എന്താ ഒന്നും മിണ്ടാത്തത്? എപ്പോഴെങ്കിലും വഴിമാറിപ്പോയാൽ ഇതേ മോളെ ശകാരിക്കാനും ജോയി മടിക്കില്ല!
ആരാണ് ഈ ശബ്ദത്തിന്റെ ഉടമ എന്ന് പലപ്പോഴും ചിന്തിച്ചതാണ്. ജൂലൈ ആദ്യത്തിൽ, ‘ഡെക്കാൻ ക്രോണിക്കിൾ’ പത്രമാണ് അവരെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്. പേര്: കാരെൻ ജേക്കബ്സൺ. ഓസ്ട്രേലിയക്കാരിയായ ഈ വോയിസ് ഓവർ ആർടിസ്റ്റാണ് ലോകമെങ്ങുമുള്ള വാഹനങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്കും യാത്രികർക്കും ഹൃദ്യമായ ശബ്ദസാന്നിധ്യമായി നിറയുന്നത്. “ഏതെങ്കിലും ഒരു സ്ത്രീയുടെ കമാൻഡുകൾ മറുചോദ്യങ്ങളില്ലാതെ പുരുഷന്മാർ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് എന്റേതാണ്.” ലണ്ടനിലെ ‘ഗ്രേറ്റ് ബിഗ് സ്റ്റോറി’യോട്, ചിരിച്ചുകൊണ്ട് കാരെൻ പറഞ്ഞതാണ്.
ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരെൻ റീഫിനടുത്തുള്ള മാക്കേയിലാണ് കാരെൻ ജനിച്ചത്. ഒരു പ്രൊഫഷണൽ സിംഗർ ആവാൻ മോഹിച്ചാണ് 2002ൽ ന്യൂയോർക്കിൽ എത്തിയത്. നൂറുകോടിയിലേറെ ജിപിഎസ് ഉപകരണങ്ങളും സ്മാർട്ട് ഫോണുകളും വഴി അവരുടെ നാദം ഇപ്പോൾ ലോകമാകെ പടരുന്നു.
ഗെജ്ജകൊണ്ടണഹള്ളി, ബുക്കംബുധി, മസനികരെ, ജമ്മാപുര, മെദുകൊണ്ടണഹള്ളി, രെജഗോണ്ടണഹള്ളി, ഹോന്നെബാഗി എന്നീ ഗ്രാമങ്ങൾ കഴിഞ്ഞപ്പോൾ ഒന്നു വഴിമാറി സഞ്ചരിച്ചു. തിപ്പഗൊണ്ടണഹള്ളിയിലാണ് എത്തിച്ചേർന്നത്. ഒരു ചെറിയ ഗ്രാമം. വലിയൊരാൽമരത്തിന്റെ ചോട്ടിൽ, മധ്യവയസിലെത്തിയ ഗ്രാമീണരിൽ കുറേപ്പേർ വെടിവട്ടം പറഞ്ഞിരിപ്പുണ്ട്. തൊട്ടടുത്ത് ശിവന്റെ അമ്പലം. അവശ്യവസ്തുക്കൾ കിട്ടുന്ന ഒരു ചെറിയ കട. ഇത്രയുമായാൽ തിപ്പഗൊണ്ടണഹള്ളിയായി. മഞ്ജുളയും ആറാംക്ലാസുകാരിയായ മകൾ അഷിതയുമാണ് കടയിൽ.
അവിടെ ഒത്തുകൂടിയ ഗ്രാമവാസികൾ വർത്തമാനം നിർത്തി, ഞങ്ങളെ നിരീക്ഷിക്കുകയാണ്. പണിക്കൊന്നും പോയില്ലേ എന്ന് മുറി ഹിന്ദിയിൽ ചോദിച്ചപ്പോൾ നേർത്ത ചിരിയായിരുന്നു ഉത്തരം. കൈയിലുള്ള ഈന്തപ്പഴം എല്ലാവർക്കുമായി വിതരണം ചെയ്ത് ജോയി ‘ഐസ് ബ്രെയ്ക്കിങ്’ നടത്തി. പതിയെ അവർ മൗനം വെടിഞ്ഞു. ചെറുപ്പക്കാരെല്ലാം കൃഷിയിടങ്ങളിൽ പണിക്കു പോയതാണ്. ഇവിടെ നെല്ലും ചോളവും വാഴയുമെല്ലാം പ്രധാന വിളകളാണ്.
ദേവറഹള്ളി, കാക്കനൂർ, സന്തേബെന്നൂർ, ഗെദ്ദളഹട്ടി, മംഗനെഹള്ളി, രമഗൊണ്ടണഹള്ളി, ഉപ്പനൈകണഹള്ളി രസകരമായ പേരുകളുള്ള പലപല ഗ്രാമങ്ങൾ കടന്ന് ഞങ്ങൾ യാത്ര തുടരുകയാണ്. തെങ്ങും കവുങ്ങും വാഴയുമാണ് കൃഷിയിടങ്ങളിൽ ഇപ്പോൾ കാണുന്നത്. മനോഹരമായ ഭൂപ്രകൃതി. ദാവംഗരെ പട്ടണത്തിലേക്ക് കടക്കാതെ, ബംഗളൂരു-മുംബയ് ദേശീയപാതയിലൂടെ വണ്ടി പായുകയാണ്. ഉച്ചയ്ക്ക് ബങ്കപുരയിലെ ‘റോയൽ ദില്ലി ദർബാറി’ൽ കയറി തൈർ സാദവും പാലക് പനീറും കഴിച്ച് വീണ്ടും സഞ്ചാരം. ഹുബ്ബള്ളി നഗരത്തിലേക്ക് പ്രവേശിച്ചു. ഔട്ടർ റിങ് റോഡിൽ കയറി ഹൈവേയിൽ യാത്ര തുടരേണ്ടതിനു പകരം വഴിമാറി നഗരത്തിൽ എത്തപ്പെടുകയായിരുന്നു.
ഹുബ്ബള്ളിയിലെ ജനങ്ങൾ തങ്ങളുടെ വിവിധ ജോലികളിൽ വ്യാപൃതരാണ്. കടകളെല്ലാം തുറന്നിരിക്കുന്നു. വാഹനങ്ങൾ എല്ലാം ഓടുന്നുണ്ട്. ഇവിടെ ജീവിതം സാധാരണ മട്ടിലാണ്. കോവിഡ് മഹാമാരിയുടെ ചെറിയ ഇടവേളയാണ്. അപ്പോഴും, കേരളത്തിൽ നാം കാണിക്കുന്ന ശ്രദ്ധയൊന്നും ഇന്നാട്ടുകാർക്കിടയിൽ ഉള്ളതായി തോന്നിയില്ല. ആരും മാസ്ക് ധരിക്കുന്നുമില്ല. എങ്കിലും ഞങ്ങളാരും ‘മുഖംമൂടി’കൾ അഴിച്ചുവച്ചില്ല. നാട്ടിലെത്തിയശേഷം ആർടിപിസിആർ ടെസ്റ്റ് ചെയ്യുമ്പോഴെങ്ങാനും പോസിറ്റീവ് ആയാൽ കേൾക്കേണ്ടിവരുന്ന പഴി മനസിലോർത്തു. ഹുബ്ബള്ളി വിട്ട് വിജയപുര റോഡിലൂടെ യാത്ര തുടർന്നു. ബോമ്മപൂർ, കുസുഗൽ, ഹെബ്സൂർ, നവൽഗുണ്ട്, നർഗുണ്ട്, ബൈറൻഹട്ടി, ഗോവണക്കോപ്പ വഴി സഞ്ചരിച്ച് ഖാനാപൂരിൽനിന്ന് ബാദാമി റോഡിലേക്ക് തിരിഞ്ഞു.
കർണാടകയിലെ ഗ്രാമങ്ങളിലൂടെ ഏതാണ്ട് രണ്ടു പകൽ നീണ്ട യാത്രയിലുടനീളം ചുറ്റുപാടും കണ്ട കാഴ്ചകൾക്ക് കൺകുളിപ്പിക്കുന്ന മരതക കാന്തിയുണ്ടായിരുന്നു. ഇഞ്ചിയും നെല്ലും ചെറുപയറും കരിമ്പും ചോളവും തെങ്ങും കമുകും വാഴയും വിളയുന്ന പച്ചപിടിച്ച പാടങ്ങൾ ഒരു ഭാഗത്ത്. സൂര്യകാന്തിപ്പാടങ്ങൾ വേറൊരു പ്രദേശത്തെയൊന്നാകെ മഞ്ഞ ഉടയാടയണിയിച്ചു. പതിനായിരക്കണക്കിന് ഏക്കറുകൾ വ്യാപിച്ചുകിടക്കുന്ന ഈ സ്ഥലങ്ങളിൽ ഒരിടത്തും ഒരിഞ്ചു ഭൂമിപോലും തരിശായിക്കിടക്കുന്നത് കണ്ണുകളിൽ പതിഞ്ഞില്ല. വയലേലകളിൽ പണിയെടുക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും കണ്ടു. ഇന്നു നമ്മുടെ നാട്ടിൻപുറങ്ങളിലെവിടെയും കാണാനാവാത്തതും കന്നഡ ഗ്രാമങ്ങളിൽ കണ്ടതുമായ മറ്റൊരു ദൃശ്യം കാളവണ്ടികളാണ്. പാടങ്ങളിൽ നിന്നുള്ള കാർഷികവിളകളും പണിയായുധങ്ങളുമായി കാളവണ്ടികളിൽ സഞ്ചരിക്കുന്ന കർഷകരെയും കർഷകത്തൊഴിലാളികളേയും ഈ യാത്രയിൽ പലപ്പോഴും കാണാനായി. നമുക്കുകൂടി അന്നമേകാനായി അവിശ്രമം പണിയെടുക്കുന്ന കന്നഡഗ്രാമങ്ങളിലെ സാധാരണക്കാരായ ഈ മനുഷ്യരാരും നമുക്ക് അന്യരല്ലെന്ന് മനസ് മന്ത്രിച്ചു…