Site iconSite icon Janayugom Online

കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക്കിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു; സ്ഫോടനം നടന്ന വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന് ഒരാൾ മരിച്ച കേസിലെ പ്രതി കണ്ണൂർ ചാലാട് സ്വദേശി അനൂപ് മാലിക്കിനെയും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. സ്ഫോടനം നടന്ന കണ്ണപുരം കീഴറയിലെ വാടക വീട്ടിലെത്തിച്ചാണ് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തെളിവെടുപ്പ് നടത്തിയത്. രണ്ടാഴ്ച്ച മുൻപ് നടന്ന സ്ഫോടനത്തിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനൂപ് മാലിക്കിൻ്റെ ബന്ധുവും സ്ഫോടക വസ്തുക്കൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ചാലാട് സ്വദേശി മുഹമ്മദ് അഷാം കൊല്ലപ്പെട്ടിരുന്നു. ഗുണ്ട് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. അനധികൃതമായി ലൈസൻസില്ലാതെ പടക്കശേഖരം സൂക്ഷിച്ചതിന് എക്സ്പോസിവ് ആക്ടുപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവം നടന്ന് രണ്ടു ദിവസത്തിനുള്ളിൽ കാഞ്ഞങ്ങാട്ടെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നാണ് അനു മാലിക്ക് പിടിയിലാകുന്നത്. 

കർണാടകയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ രഹസ്യവിവരമനുസരിച്ചാണ് കണ്ണപുരം പൊലിസ് കേസെടുത്തത്. അനൂപ് മാലിക്ക് നേരത്തെ സമാനമായഅഞ്ച് കേസുകളിൽ പ്രതിയാണെന്ന് പൊലിസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2016 ൽ ചെട്ടിപിടികയിൽ നടന്ന സ്ഫോടനത്തിൽ അഞ്ചിലേറെ വീടുകൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇതിന് ശേഷവും പ്രതി കുറ്റകൃത്യം ആവർത്തിച്ചുവെന്നാണ് പൊലിസ് അന്വേഷണ റിപ്പോർട്ട്. അനൂപ് മാലിക്കിനെതിരെ കാപ്പ ചുമത്തി ജയിലിൽ അടക്കാനുള്ള നീക്കത്തിലാണ് പൊലിസ് കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അനൂപ് മാലിക്കിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടത്.

Exit mobile version