Site iconSite icon Janayugom Online

കലാകിരീടം കണ്ണൂരിന്: കോഴിക്കോട് രണ്ടാം സ്ഥാനത്ത്

നിഖില്‍ എസ് ബാലകൃഷ്ണന്‍ കൊല്ലം: കോഴിക്കോടന്‍ കരുത്തിന്റെ ശക്തമായ വെല്ലുവിളികള്‍ അതിജീവിച്ച് കൗമാരകലാ പൊന്‍കിരീടം കണ്ണൂര്‍ തിരിച്ചുപിടിച്ചു. 23 വര്‍ഷമായുള്ള കണ്ണൂരിന്റെ കാത്തിരിപ്പ് കൊല്ലത്ത് അവസാനിക്കുമ്പോള്‍ സമീപ കലോത്സവങ്ങളിലൊന്നും കാണാത്ത ത്രില്ലര്‍ പോരാട്ടത്തിന് കൂടിയാണ് കൊല്ലം സാക്ഷ്യം വഹിച്ചത്. പലകുറി കയ്യെത്തും ദൂരത്ത് നഷ്ടമായ സ്വര്‍ണക്കപ്പ് പ്രഥമ വേദിയായ ആശ്രാമം മൈതാനത്തെ ഒഎന്‍വി സ്മൃതിയില്‍വച്ച് ചലച്ചിത്രതാരം മമ്മൂട്ടിയില്‍ നിന്ന് കണ്ണൂര്‍ സ്‌ക്വാഡ് ഏറ്റുവാങ്ങുമ്പോള്‍ ആ പോരാട്ടവീര്യത്തിന് മുന്നില്‍ ജനസാഗരം തലകുമ്പിട്ടു. 117.5 പവന്‍ തൂക്കംവരുന്ന സ്വര്‍ണക്കപ്പ് അങ്ങനെ കണ്ണൂരിന്റെ ചുണക്കുട്ടികള്‍ ഇനിയുള്ള ഒരുവര്‍ഷക്കാലം കൈയില്‍ വയ്ക്കും. ആറര പതിറ്റാണ്ട് പിന്നിട്ട കേരള സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് കണ്ണൂര്‍ കിരീടം ചൂടുന്നത്. 952 പോയിന്റ് നേടിയ കണ്ണൂരിന് തൊട്ടുപിന്നില്‍ വെറും മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ (949 പോയിന്റ്) കഴിഞ്ഞ തവണത്തെ ജേതാക്കളായ കോഴിക്കോട് ഫിനിഷ് ചെയ്തപ്പോള്‍ പാലക്കാടിനാണ് (938) മൂന്നാം സ്ഥാനം. തൃശൂര്‍ (925), മലപ്പുറം (913), ആതിഥേയരായ കൊല്ലം (910) ജില്ലകള്‍ യഥാക്രമം നാല്, അഞ്ച്, ആറ് സ്ഥാനങ്ങളില്‍ പോരാട്ടം അവസാനിപ്പിച്ചു. പ്രധാനവേദിയായ ഒഎന്‍വി സ്മൃതിയില്‍ നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, സജി ചെറിയാന്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അവസാന ദിവസമായ ഇന്നലെ രാവിലെ മുതല്‍ പതിവ് പോലെ സ്ഥിരം എതിരാളികളായ കോഴിക്കോടിന് തൊട്ടുപിന്നില്‍ തന്നെയായിരുന്നു കണ്ണൂരിന്റെ സ്ഥാനം. എന്നാല്‍ അവസാനലാപ്പില്‍ ഓടിക്കയറിയ കണ്ണൂര്‍ സ്വര്‍ണക്കപ്പ് കൈപ്പിടിയില്‍ ഒതുക്കി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (249 പോയിന്റ് ) ഒന്നാമത് എത്തി. തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് (116 പോയിന്റ്) രണ്ടാം സ്ഥാനത്ത്. അടുത്ത കലോത്സവം സംബന്ധിച്ച പ്രഖ്യാപനം പിന്നീടായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

അജയ്യരായി ഗുരുകുലം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തിരശീല വീണപ്പോള്‍ ഏറ്റവും അധികം പോയിന്റ് നേടിയ സ്‌കൂളായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം. 62-ാമത് കലോത്സവത്തില്‍ 249 പോയിന്റാണ് ഗുരുകുലം നേടിയത്. കഴിഞ്ഞ 11 വർഷത്തിനിടെ പാലക്കാടിന്റെ അഭിമാനമായ ഗുരുകുലത്തിന്റെ ഔന്നത്യം കുറയ്ക്കാൻ സംസ്ഥാനത്തെ ഒരു സ്‌കൂളിനുമായിട്ടില്ല.

2002ല്‍ ഒരു ഇനത്തില്‍ മത്സരിക്കാനായാണ് ഗുരുകുലം ആദ്യമായി കലോത്സവ വേദിയിലേക്ക് എത്തുന്നത്. 2012ല്‍ തൃശൂരില്‍ നടന്ന 52-ാമത് സംസ്ഥാന കലോത്സവത്തിലാണ് ഗുരുകുലം ആദ്യമായി ഒന്നാമതെത്തുന്നത്. പിന്നീട് കലോത്സവ ഭൂപടത്തില്‍ ഗുരുകുലം അവരുടേതായ സ്ഥാനം വരച്ചുചേര്‍ക്കുകയായിരുന്നു. സംസ്ഥാനത്തെ മറ്റ് സ‌്കൂളുകളിൽ നിന്ന് ഗുരുകുലത്തെ വ്യത്യസ്തമാക്കുന്നത് സ‌്കൂൾ മാനേജ്മെന്റ് കലാപരിപാടികളെ വാർഷിക പാഠ്യപദ്ധതിയുടെ ഭാഗമായി കണക്കാക്കുന്നു എന്നതാണ്.

സ്‌കൂള്‍ തുറക്കുന്ന ദിനം മുതല്‍ തുടങ്ങുന്നതാണ് ഗുരുകുലത്തിന്റെ കലോത്സവത്തിനായുള്ള പരിശീലനം. മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് അവര്‍ക്കുള്ള പരിശീലനം പഠനത്തെ ബാധിക്കാത്ത തരത്തില്‍ നല്‍കുന്നു. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കലോത്സവ ചെലവിനത്തില്‍ യാതൊരു തുകയും കുട്ടികളില്‍ നിന്ന് വാങ്ങുന്നില്ല. മിടുക്കരാണെങ്കില്‍ കുട്ടിക്ക് സ‌്കൂളിന്റെ പൂര്‍ണ പിന്തുണ കിട്ടുമെന്നുറപ്പാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. വിജയന്‍ വി ആനന്ദ് പറയുന്നു.
സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, പരിചമുട്ട്, കോല്‍ക്കളി, ഒപ്പന, ചവിട്ടുനാടകം, യക്ഷഗാനം, ഇംഗ്ലീഷ് സ്‌കിറ്റ്, മൂകാഭിനയം, വൃന്ദവാദ്യം, വട്ടപ്പാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലും വിവിധ വ്യക്തിഗത ഇനങ്ങളിലുമാണ് ഗുരുകുലത്തിന്റെ ആധിപത്യം. ജില്ലയില്‍ ഒന്നാമതെത്തിയ 51 ഇനങ്ങളും 15 അപ്പീലുകളും സംസ്കൃതോത്സവത്തില്‍ ഏഴ് ഇനങ്ങളുമുള്‍പ്പെടെ 73 ഇനങ്ങളിലാണ് ഗുരുകുലത്തിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നത്.

You may also like this video

Exit mobile version