കണ്ണൂർ ജില്ലയിൽ സയൻസ് പാർക്ക് പദ്ധതികൾക്ക് 17ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നു. വെെകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. അഞ്ചരക്കണ്ടി ചെറിയവളപ്പിൽ 25 ഏക്കറിൽ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായിൽ കിൻഫ്രയുടെ 25 ഏക്കറിൽ 317 കോടി ചിലവിട്ടുമാണ് ഐടി പാർക്കുമാണ് ഒരുക്കുന്നത്.
50 ഏക്കർ ക്രിൻഫ്ര ഭൂമിയിലാണ് രണ്ടുപദ്ധതികളും ആരംഭിക്കുക. 30 മാസത്തിനകം നിർമാണം പൂർത്തിയാകുന്ന സയൻസ് പാർക്ക് എല്ലാ സംവിധാനങ്ങളും ഒത്തിണങ്ങിയ രാജ്യത്തെ ആദ്യത്തെ സംരംഭമാവും. ജീവശാസ്‌ത്രരംഗത്തെ ഉന്നത ഗവേഷണ– വികസന പ്രവർത്തനങ്ങളാണ് സയൻസ് പാർക്കിൽ വിഭാവനം ചെയ്യുന്നത്.സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പദ്ധതി 600 കോടിയുടേതാണ്. ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തിയായി. 371 കോടി രൂപ ചെലവഴിച്ചാണ് ഐടി പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കുക. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ ഒന്പത് നിലകളിലാണ് സമുച്ചയം ഉയരുക. ഐടി കന്പനികൾക്ക് അനുയോജ്യമായ നൂതന സംവിധാനങ്ങളോടെയാണ് പാർക്ക്. പാർക്കിലേക്കുള്ള പ്രധാന പാതയായ പനയത്താംപറന്പ്– കീഴല്ലൂർ റോഡ് നാല് വരിയിൽ വികസിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. താഴെചൊവ്വയിൽ പാർക്കിലേക്ക് പുതിയ പൊതുമരാമത്ത് റോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. അടുത്തയാഴ്‌ച പദ്ധതിയുടെ കരാറുകാരെ നിശ്‌ചയിക്കും. കിഫ്‌ബിയിൽനിന്നാണ് ഇരുപദ്ധതികൾക്കും പണം മുടക്കുക. നാലായിരം പേർക്ക് നേരിട്ടും നാലിരട്ടിയിലധികം പേർക്ക് പരോക്ഷമായും തൊഴിൽ നൽകാൻ പദ്ധതിക്കാകും. ചടങ്ങിൽ സ്‌പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയാകും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും

