ബൈക്ക് മുതല്‍ ബഹിരാകാശ വാഹനങ്ങള്‍ വരെയുള്ളവയില്‍ ഉപയോഗിക്കുന്ന ശേഷി കൂടിയ സൂപ്പര്‍ കപ്പാസിറ്ററുകള്‍, ഇനിമുതല്‍ നിര്‍മ്മിക്കുക കണ്ണൂരിലെ ഉല്പാദന കേന്ദ്രത്തില്‍. ഇതോടെ രാജ്യത്തെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രമാവുകയാണ് സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്. ഇതിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാനാവും. ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം മുഴുവനായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾക്കാകും.
ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉല്പന്നമാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐഎസ്ആർഒ, ഡിആർഡിഒ, സിഎംഇടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐഎസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാളെ രാവിലെ 9.30ന് കണ്ണൂർ കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനാവും. എം വിജിൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.
42 കോടി മുതല്‍മുടക്ക്
42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് 18 കോടി രൂപയാണ് ചെലവഴിച്ചത്. ഐഎസ്ആര്‍ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്പാദന ശേഷി. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കംപോണന്റ്സ് ഉല്പാദകരിലൊന്നായി മാറും
സൂപ്പര്‍ കപ്പാസിറ്ററുകള്‍ സൂപ്പറാണ്
സൂപ്പര്‍ കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍ (ഇലക്ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍) എന്നറിയപ്പെടുന്ന കപ്പാസിറ്ററുകള്‍ ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റന്‍സ് സാധാരണ കപ്പാസിറ്ററുകളേക്കാള്‍ വളരെ ഉയര്‍ന്നതും കുറഞ്ഞ വോള്‍ട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജം സംഭരിക്കാന്‍ കഴിവുള്ളവയാണിവ. ബാറ്ററികളെ അപേക്ഷിച്ച് സൂപ്പര്‍ കപ്പാസിറ്ററിന് വളരെ വേഗത്തില്‍ ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും കഴിയും. റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളേക്കാള്‍ കൂടുതല്‍ ചാര്‍ജ് അല്ലെങ്കില്‍ ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഓര്‍ഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പര്‍ കപ്പാസിറ്ററുകള്‍ നിര്‍മ്മിക്കുന്നത്. സൂപ്പര്‍ കപ്പാസിറ്ററുകളുടെ ആപ്ലിക്കേഷനുകള്‍ മില്ലി-വാട്ട് വൈദ്യുതി ആവശ്യങ്ങള്‍ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങള്‍ വരെ നീളുന്നു. ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങള്‍, ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍, വ്യാവസായിക മേഖലകള്‍ എന്നിവയില്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ പ്രയോജനപ്പെടുത്താൻ കഴിയും.