Site iconSite icon Janayugom Online

കാൺപൂർ സംഘർഷം; ബിജെപി നേതാവ് ഹർഷിത് ശ്രീവാസ്തവ അറസ്റ്റിൽ

കാൺപൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് അറസ്റ്റിൽ. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശത്തെ തുടർന്നാണ് സംഘര്‍ഷമുണ്ടായത്.

ഉത്തർപ്രദേശിലെ അക്രമം നടന്ന് നാല് ദിവസത്തിന് ശേഷമാണ് മുഹമ്മദ് നബിയെ അവഹേളിച്ച് ട്വീറ്റ് ചെയ്ത ബിജെപി യൂത്ത് വിങ് ഭാരവാഹി ഹർഷിത് ശ്രീവാസ്തവ അറസ്റ്റിലായത്. വിവാദമായതോടെ ട്വീറ്റുകൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.

ഇദ്ദേഹം പോസ്റ്റുകളിലൂടെ അന്തരീക്ഷം വഷളാക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മതവികാരം വെച്ച് കളിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ വിജയ് മീണ മുന്നറിയിപ്പ് നൽകി.

ഗ്യാൻവാപി പള്ളി വിഷയത്തിലെ ടെലിവിഷൻ ചർച്ചക്കിടെ നൂപുർ ശർമ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് മാർക്കറ്റ് അടച്ചുപൂട്ടാനുള്ള ആഹ്വാനത്തെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും കല്ലെറിയുകയും ചെയ്തത്.

അക്രമത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തിങ്കളാഴ്ച കാൺപൂർ പൊലീസ് പുറത്തുവിട്ടിരുന്നു. സിസിടിവി, മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചതെന്ന് പറയുന്നു.

പ്രധാന പ്രതിയുൾപ്പെടെ 50ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40ലധികം പേർക്ക് പരിക്കേറ്റ അക്രമവുമായി ബന്ധപ്പെട്ട് 1,500 പേർക്കെതിരെയാണ് കേസെടുത്തത്.

Eng­lish summary;Kanpur con­flict; BJP leader Harshit Sri­vas­ta­va arrested

You may also like this video;

Exit mobile version