Site iconSite icon Janayugom Online

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കരിപ്പൂർ വിമാനത്തവളം വഴി സ്വർണം കടത്താൻ ഒത്താശ ചെയ്ത കേസിൽ സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീൻ പൊലീസ് കസ്റ്റഡിയിൽ. നവീനിന്റെ ഫ്ലാറ്റിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊണ്ടോട്ടി ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു ചോദ്യം ചെയ്തു. സ്വർണക്കടത്ത് സംഘത്തിൽനിന്നും പണം കൈപ്പറ്റി സ്വർണം കടത്താൻ ഒത്താശ ചെയ്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം നവീനെതിരെ കേസെടുത്തത്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥനും സംഭവത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞയാഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തുവന്നവരിൽ നിന്നും സ്വർണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചുകൊടുത്തത് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ആണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.

ഓരോ തവണ സ്വർണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടി സ്വർണ്ണം കടത്താനാണ് ഇവർ ഒത്താശ ചെയ്തിരുന്നത്.

Eng­lish Sum­ma­ry: Karipur gold smug­gling; CISF offi­cer arrested
You may also like this video

Exit mobile version