Site icon Janayugom Online

കർണാടക ഹിജാബ് നിരോധനം: 40 മുസ്‌ലിം പെൺകുട്ടികൾ പരീക്ഷ ബഹിഷ്കരിച്ചു

muslim

ഹിജാബ് നിരോധനത്തെത്തുടര്‍ന്ന് കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നിന്നുള്ള 40 മുസ്‌ലിം പെൺകുട്ടികൾ പരീക്ഷയില്‍ നിന്ന് വിട്ടുനിന്നു. ശിരോവസ്ത്രം ധരിക്കാതെ പരീക്ഷ എഴുതേണ്ടെന്ന് വിദ്യാർഥികൾ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷ ബഹിഷ്കരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിരോവസ്‌ത്രം ഇസ്‌ലാമിക വിശ്വാസത്തിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്നും അത് ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകീകൃത വസ്ത്രധാരണ നിയമം പാലിക്കണമെന്നും ആവശ്യപ്പെട്ട് ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ മാർച്ച് 15ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

കുന്ദാപ്പൂരിൽ നിന്നുള്ള 24 പെൺകുട്ടികളും ബൈന്ദൂരിൽ നിന്നുള്ള 14 പേരും ഉഡുപ്പി ഗവൺമെന്റ് ഗേൾസ് പിയു കോളജിലെ രണ്ട് വിദ്യാർത്ഥികളും ചൊവ്വാഴ്ച പരീക്ഷയിൽ നിന്ന് വിട്ടുനിന്നവരിൽ ഉൾപ്പെടുന്നു. നേരത്തെ പ്രാക്ടിക്കൽ പരീക്ഷകളും പെൺകുട്ടികൾ ബഹിഷ്കരിച്ചിരുന്നു. ആർഎൻ ഷെട്ടി പിയു കോളജിൽ 28 മുസ്ലീം പെൺകുട്ടികളിൽ 13 പേരും പരീക്ഷയെഴുതി. ചില വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് പരീക്ഷാ കേന്ദ്രത്തിൽ എത്തിയെങ്കിലും അനുമതി നിഷേധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉഡുപ്പിയിലെ ഭണ്ഡാർക്കേഴ്‌സ് കോളജിൽ അഞ്ചിൽ നാല് പെൺകുട്ടികളും പരീക്ഷയെഴുതിയപ്പോൾ ബസ്രൂർ ശാരദ കോളജിലെ എല്ലാ പെൺകുട്ടികളും പരീക്ഷയെഴുതി. നവുന്ദ ഗവൺമെന്റ് പിയു കോളജിലെ എട്ട് വിദ്യാർത്ഥിനികളിൽ ആറ് പേർ പരീക്ഷയിൽനിന്ന് വിട്ടുനിന്നപ്പോൾ 10 മുസ്‌ലിം പെൺകുട്ടികളിൽ രണ്ട് പേർ മാത്രമാണ് പരീക്ഷയെഴുതിയത്. ജില്ലയിലെ ചില സ്വകാര്യ കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ അടിയന്തര വാദം കേൾക്കാൻ മാർച്ച് 24ന് സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ, വിഷയത്തിൽ സുപ്രീംകോടതിയുടെ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

Eng­lish Sum­ma­ry: Kar­nata­ka bans hijab: 40 Mus­lim girls skip exams

You may like this video also

Exit mobile version