കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ രൂക്ഷമായ ആരോപണവുമായി ബിജെപി നേതാവ്. മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച്‌ഡി കുമാരസ്വാമിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പേരുകൾ അപകീർത്തിപ്പെടുത്താൻ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ തനിക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതായി ബിജെപി നേതാവ് ജി ദേവരാജെ ഗൗഡ പറഞ്ഞു.
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലാണ് ഗൗഡ. വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതിന് ശേഷം പൊലീസ് വാഹനത്തിൽ നിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നേതാവിന്റെ വെളിപ്പെടുത്തല്‍. ശിവകുമാർ തനിക്ക് അഡ്വാൻസായി അഞ്ച് കോടി രൂപ അയച്ചതായും ദേവരാജെ ഗൗഡ അവകാശപ്പെട്ടു.
അതേസമയം ശിവകുമാറിന്റെ ആവശ്യം നിരസിച്ചതോടെ തനിക്കെതിരായി പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും തന്നെ അറസ്റ്റ് ചെയ്തതായും ഗൗഡ കൂട്ടിച്ചേര്‍ത്തു. പുറത്തിറങ്ങിയാല്‍ ഡി കെ ശിവകുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്നും ഗൗഡ പറഞ്ഞു.
സെക്‌സ് വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പ്രചരിപ്പിച്ചത് എച്ച്‌ഡി കുമാരസ്വാമിയാണെന്ന് (കുമാരസ്വാമിയുടെ അനന്തരവൻ, മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ പ്രജ്വല് രേവണ്ണ ഉൾപ്പെടെ) പ്രചരിപ്പിച്ചത് പറയാൻ തന്നോട് ആവശ്യപ്പെട്ടിട്ടണ്ടെന്നും ദേവരാജഗൗഡ കൂട്ടിച്ചേർത്തു. പ്രജ്വൽ രേവണ്ണയുടെ ഡ്രൈവറായി ജോലി ചെയ്ത കാർത്തിക് ഗൗഡയ്ക്കും ഇതില്‍ പങ്കുണ്ടെന്നും ഗൗഡ വെളിപ്പെടുത്തി.
സെക്‌സ് വീഡിയോ വിവാദവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കൈകാര്യം ചെയ്യാൻ എൻ ചെലുവരായസ്വാമി, കൃഷ്ണ ബൈരെ ഗൗഡ, പ്രിയങ്ക് ഖാർഗെ എന്നിവരുൾപ്പെടെ നാല് മന്ത്രിമാരുടെ സംഘത്തെ രൂപീകരിച്ചതായി ദേവരാജെ ഗൗഡ അവകാശപ്പെട്ടു.
‘പ്രധാനമന്ത്രി മോദിക്കും എച്ച്‌ഡി കുമാരസ്വാമിക്കും ബി.ജെ.പി.ക്കും അപകീർത്തി വരുത്താൻ അവർ വലിയ രീതിയിൽ പദ്ധതിയിട്ടിരുന്നു. അവർ എനിക്ക് 100 കോടി വാഗ്ദാനം ചെയ്തു. കൂടാതെ ബൗറിംഗ് ക്ലബ്ബിലെ റൂം നമ്പർ 110ലേക്ക് 5 കോടി രൂപ അഡ്വാൻസ് ആയി അയച്ചു. ഇടപാട് ചർച്ച ചെയ്യാൻ ചന്നരായപട്ടണത്തെ ഒരു പ്രാദേശിക നേതാവ് ഗോപാലസ്വാമിയെ അയച്ചു,” ദേവരാജെ ഗൗഡ അവകാശപ്പെട്ടു.
“ലൈംഗിക അഴിമതിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി മോഡിയുടെ പേര് മോശമാക്കാനാണ് ഡികെ ശിവകുമാർ 100 കോടി രൂപ വാഗ്ദാനം ചെയ്തത്. കുമാരസ്വാമിയെ രാഷ്ട്രീയമായി അവസാനിപ്പിക്കുകയാണ് ശിവകുമാറിന്റെ പ്രധാന ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ അവരുടെ പദ്ധതിയുടെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ, അവർ ആദ്യം എന്നെ കേസിൽ പ്രതിയാക്കി, പക്ഷേ തെളിവുകളൊന്നും കണ്ടെത്താനായില്ല, പിന്നീട്, അവർ എന്നെ ഒരു ലൈംഗിക പീഡനക്കേസിൽ പ്രതിയാക്കി. ഈ തന്ത്രവും പരാജയപ്പെട്ടപ്പോൾ, അവർ ബലാത്സംഗത്തിന് കേസെടുത്തു. എനിക്കെതിരെയുള്ള കേസ് നാല് ദിവസം ചോദ്യം ചെയ്തു, പക്ഷേ അവർക്ക് ഒന്നും ലഭിച്ചില്ല, ”അദ്ദേഹം അവകാശപ്പെട്ടു.
“ശിവകുമാറിന്റെ സംഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ എന്റെ പക്കലുണ്ട്. ഞാൻ അവ പുറത്തുവിടും, ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ കോൺഗ്രസ് സർക്കാർ തകരും,” പൊലീസ് വാഹനത്തിലിരിക്കെ ദേവരാജെ ഗൗഡ അവകാശപ്പെട്ടു.
ലൈംഗികാതിക്രമത്തിന്റെ വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പുറത്തുവന്നതിന് പിന്നിൽ ശിവകുമാറാണെന്ന് ദേവരാജഗൗഡ മെയ് ആറിന് അവകാശപ്പെട്ടിരുന്നു.
പ്രധാനമന്ത്രി മോഡിയാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
“ലൈംഗിക അഴിമതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ തെളിവുകളും ഞാൻ സിബിഐക്ക് സമർപ്പിക്കും. എന്റെ കൈവശമുള്ള വീഡിയോകൾ പുറത്തുവന്നതിൽ നിന്ന് വ്യത്യസ്തമാണ്,” ഗൗഡ പറഞ്ഞു.
ലൈംഗികാതിക്രമക്കേസിൽ ആറു ദിവസം മുൻപാണ് ദേവരാജെ ഗൗഡയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
English Summary: Karnataka BJP leader says DK Shivakumar offered him Rs 100 crore to defame Prime Minister
You may also like this video