നിയമസഭ തെരഞ്ഞെടുപ്പിന് അടുക്കും തോറും കർണാടകയിൽ രാഷ്ട്രീയ സുനാമി ആഞ്ഞടിക്കുന്നു. ‘ഘർ വാപസി‘യുടെ പെരുമഴയാണ് സംസ്ഥാനത്തിന്റെ പലയിടത്തും. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള മടക്കമാണ് വ്യാപകം. 2019 ൽ ബി എസ് യെദ്യൂരപ്പ സർക്കാർ രൂപീകരിക്കാനായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 17 വിമതരിൽ പലരും പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്നാണ് ഏറ്റവും പുതിയ വിവരം. ബിജെപിയിൽ തങ്ങള്‍ക്ക് ഭാവിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. എല്ലാ സാധ്യതകളും അരക്ഷിതാവസ്ഥയിലാണെന്ന് കണ്ടവരെല്ലാം തിരഞ്ഞെടുപ്പെത്തും മുമ്പ് കോൺഗ്രസിലേക്ക് മടങ്ങാനാണ് ഇവരുടെ തീരുമാനം.
തിരിച്ചുവരുന്നവരെ സ്വാഗതം ചെയ്യാൻ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും സമ്മതിച്ചതായി പാര്‍ട്ടി വൃത്തങ്ങൾ പറഞ്ഞു. പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതം എന്ന് ഡി കെ ശിവകുമാർ അടുത്തിടെ തുറന്നു പറയുകയും ചെയ്തിരുന്നു. അതേസമയം, കോൺഗ്രസ് പാർട്ടിയിലേക്ക് നടക്കുന്ന ഘർ വാപസിയിൽ പ്രവർത്തകർ തൃപ്തരല്ല. പാർട്ടിയിൽ തിരികെയെത്തുന്നവർ സ്ഥാനാർത്ഥികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ പ്രവർത്തകർ അക്രമാസക്തരാണ്. ആദ്യം പ്രവർത്തകരുടെ
ആക്രമണത്തിനിരയായത് മണ്ടിയ ജില്ലാ കോൺഗ്രസ് അധ്യക്ഷനാണ്. പ്രവർത്തകർ ജില്ലാ കോൺഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ് നടത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മണ്ടിയ ജില്ലയിലെ കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുക ബിജെപിയിൽ നിന്ന് മറുകണ്ടം ചാടുന്നയാളാകുമെന്ന അഭ്യൂഹം പരന്നതോടെയാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷന് നേരെ ചീമുട്ടയേറ് നടന്നത്. മണ്ടിയ ജില്ലയിലെ കൃഷ്ണരാജ് പേട്ട് നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരാണ് ജില്ലാ അധ്യക്ഷന് നേരെ അതിക്രമം നടത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ കാറിലിരിക്കവേയായിരുന്ന മുട്ടകൊണ്ടുള്ള ആക്രമണം. ഒപ്പമുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു സംഘം പ്രവർത്തകർ മുട്ട ഏറ് തുടർന്നു. കാറെടുത്ത് സ്ഥലം വിടാൻ അധ്യക്ഷൻ ശ്രമിച്ചെങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ട് വണ്ടി എടുത്താൽ മതിയെന്ന നിലപാടിലായിരുന്നു പ്രവർത്തകർ. നിലവിൽ ബിജെപിയുമായി അസ്വാരസ്യത്തിലായ നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്ന് കൃഷ്ണരാജ് പേട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന തരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു. മണ്ഡലത്തിലെ ബിജെപി എംഎൽഎ നാരായണ ഗൗഡ കോൺഗ്രസിലേക്ക് വരുമെന്നും അദ്ദേഹത്തിന് പാർട്ടി ടിക്കറ്റ് നൽകുമെന്നുള്ള അഭ്യൂഹം പടർന്നിരുന്നു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചത്.
2018ൽ ജെഡിഎസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നാരായണ ഗൗഡ അന്നത്തെ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെയിറക്കാൻ സഹായിച്ച കൂറുമാറിയ എംഎൽഎമാരിൽ ഒരാളാണ്. 17 എംഎൽഎമാരായിരുന്നു അന്ന് ജെഡിഎസിൽ നിന്നും കോൺഗ്രസിൽ നിന്നുമായി ബിജെപിയിലേക്ക് ചേക്കേറി എച് ഡി കുമാരസ്വാമി സർക്കാരിനെ താഴെ ഇറക്കിയത്. നിലവിൽ ബിജെപിയുമായി അസ്വാരസ്യത്തിലായ നാരായണ ഗൗഡ കോൺഗ്രസിൽ ചേർന്ന് കൃഷ്ണരാജ് പേട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് പാർട്ടിയുടെ ഈ നീക്കം തടയാൻ പ്രവർത്തകർ സംഘടിച്ചത്. അടുത്ത മാസം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് ഇതുവരെ അന്തിമ രൂപം നൽകിയിട്ടില്ല. 224 മണ്ഡലങ്ങളിലേക്ക് മത്സരിക്കാനായി രണ്ടായിരത്തോളം അപേക്ഷകളാണ് കർണാടക കോൺഗ്രസിന് മുന്നിലെത്തിയത്.
English Sammury: karnataka congress ghar vapasi mandya congress workers throw eggs at dcc president