Site iconSite icon Janayugom Online

കര്‍ണാടക: കോണ്‍ഗ്രസിലും ബിജെപിയിലും ആഭ്യന്തര കലഹം

SidharamayahSidharamayah

അടുത്ത മാസം 10 ന് നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ ബിജെപിയിലും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിലും ആഭ്യന്തര കലഹം മൂര്‍ച്ഛിച്ചു. ഇരുപാര്‍ട്ടി നേതാക്കളും പരസ്പരം ചെളിവാരിയെറിയല്‍ തുടരുകയാണ്. 42 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
സീറ്റ് മോഹികളുടെ തള്ളിക്കയറ്റം മൂലം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വൈകിയ ബിജെപി ഇന്നു നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ആദ്യ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുമെന്നാണ് പുറത്ത് വരുന്ന വിവരം. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഢയുടെ നേതൃത്വത്തിലാണ് യോഗം. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, കേന്ദ്ര മന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് 166 പേരുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു.
തോല്‍വി ഭയന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ അടക്കമുള്ളവര്‍ സിറ്റിങ് സീറ്റ് ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരം കുറവുള്ള മണ്ഡലം തേടി പലരും അലയുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല മുതിര്‍ന്ന ബിജെപി മന്ത്രിമാരും മുഖ്യമന്ത്രിയും സൂരക്ഷിത മണ്ഡലം തേടി അലയുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. 

ഇതിനു മറുപടിയായി ബിജെപി വക്താവും എംപിയുമായ ലഹര്‍ സിങ് സിരോയ രംഗത്ത് വന്നു. ഭാവി മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്ന സിദ്ധരാമയ്ക്ക് ഇതുവരെ സ്വന്തം മണ്ഡലം കണ്ടെത്താന്‍ ആയിട്ടില്ലെന്നായിരുന്നു സിരോയയുടെ പ്രതികരണം. തോല്‍വി ഭയന്ന് ബദാമി സീറ്റില്‍ നിന്ന് സിദ്ധരാമയ്യ പലായനം ചെയ്യുകയാണെന്നും സിരോയ പറഞ്ഞു. 2018 ലെ തെരഞ്ഞടുപ്പില്‍ സിദ്ധരാമയ്യ ബദാമിയിലും ചാമുണ്ഡേശ്വരി മണ്ഡലത്തിലും മത്സരിച്ചുവെങ്കിലും ചാമുണ്ഡേശ്വരിയില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ബദാമി ഉപേക്ഷിച്ച സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോണ്‍ഗ്രസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
ബദാമിയില്‍ നിന്ന് മാറി കോലാര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യറെടുക്കുന്ന സിദ്ധരാമയ്യ വരുണാ മണ്ഡലത്തിലും ഒരുകൈ നോക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥി ഒരു മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന തീരുമാനം സിദ്ധരാമയ്യക്ക് തിരിച്ചടിയാകും. ഇതു തന്റെ അവസാനത്തെ തെരഞ്ഞടുപ്പായിരിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി കസേര ലക്ഷ്യം വച്ചുള്ള വെടിപൊട്ടിക്കലാണെന്നാണ് സൂചന. കേണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാറുമായി ഭിന്നത തുടരുന്ന സിദ്ധരാമയ്യ ഇതുവഴി ശിവകുമാറിന്റെ മുഖ്യമന്ത്രി പദത്തിനു തടയിടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘പാർട്ടി ഹൈക്കമാൻഡ് അനുമതി നൽകിയതിനാൽ ഞാൻ വരുണയിൽ മത്സരിക്കുന്നു. എന്നാൽ കോലാർ ജനങ്ങൾ ഞാൻ അവിടെ നിന്ന് മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു’- സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യ കോലാറിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.

അതിനിടെ, സംസ്ഥാനത്ത് മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ നടപടി ഭരണം ലഭിച്ചാല്‍ പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നടപ്പാക്കാനാവില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബെമ്മെെ. സംവരണം സംബന്ധിച്ചും നയങ്ങള്‍ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാട് ഇല്ലാത്തവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പ്രഖ്യാപനങ്ങള്‍ മാത്രമാണ് അവര്‍ നടത്തുന്നത്. സംവരണം റദ്ദാക്കിയ നടപടി കോണ്‍ഗ്രസിനു പുനഃസ്ഥാപിക്കാന്‍ ആവില്ലെന്നും എന്താണ് അവര്‍ ചെയ്യാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Kar­nata­ka: Infight­ing between Con­gress and BJP

You may also like this video

Exit mobile version