സ്കൂള്‍ പാഠ്യ പദ്ധതിയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ പുനരവതരിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ആര്‍എസ്എസ് സ്ഥാപക നേതാവ് കെ ബി ഹെഡ്ഗേവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആറ് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളിലാണ് കര്‍ണാടക സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നത്. ആകെ 18 മാറ്റങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗമായിരുന്നു ഈ വിഷയത്തില്‍ തീരുമാനമെടുത്തിരുന്നു.
എട്ടാം ക്ലാസിലെ കന്നട പുസ്തത്തിലുണ്ടായിരുന്ന നെഹ്റുവിന്റെ “മകള്‍ക്കുള്ള കത്തുകള്‍” (ലെറ്റേഴ്സ് ടു മൈ ഡോട്ടര്‍) കന്നട വിവര്‍ത്തനമാണ് പുനരവതരിപ്പിച്ചത്. സിദ്ധനഹള്ളി കൃഷ്ണ ശര്‍മ്മ വിവര്‍ത്തനം ചെയ്ത പാഠഭാഗം മുന്‍ ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. തല്‍സ്ഥാനത്ത് പരംപള്ളി നരസിംഹ ഐത്താല്‍ രചിച്ച “ഭൂ കൈലാസ“യാണ് ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.
ഈ ഭാഗമാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പത്താം ക്ലാസ് പുസ്തകത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഹെഡ്ഗേവാറിനെക്കുറിച്ചുള്ള “ആരാണ് യഥാര്‍ത്ഥ മനുഷ്യൻ”(ഹൂ ഷുഡ് ബി ആൻ ഐഡിയല്‍ മാൻ) എന്ന ഭാഗം മാറ്റി ശിവകോടിയാചാര്യ രചിച്ച “സുകുമാരസ്വാമിയുടെ കഥ” (സ്റ്റോറി ഓഫ് സുകുമാരസ്വാമി)ഉള്‍പ്പെടുത്തിയതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വി ഡി സവര്‍ക്കറെക്കുറിച്ച് കെ ടി ഗട്ടി രചിച്ച കവിതയും സിദ്ധരാമയ്യ സര്‍ക്കാര്‍ നീക്കം ചെയ്തു. ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറിനെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നടപടിയെ എൻസിപി നേതാവ് ശരത് പവാര്‍ സ്വാഗതം ചെയ്തു. ജനങ്ങളാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു. അത് നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അത് നടപ്പാക്കി വരുന്നതായും പവാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഹെഡ്ഗേവാറിനെക്കുറിച്ചും സവര്‍ക്കറിനെക്കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ നീക്കംചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും ഇതിലേറെ ദുഖകരമായ കാര്യം വേറെ ഇല്ലെന്നും കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി പ്രതികരിച്ചു.
English Summary:Karnataka school syllabus: Hedgewar lesson, poem on Savarkar out, Nehru letter back in textbooks
You may also like this video