പാടശേഖര പുറംബണ്ടിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷന് ദാരുണ അന്ത്യം. എടത്വാ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 ന് ചെറുതന പഞ്ചായത്തിൽ നടുവിലെ പോച്ച ദേവസ്വംതുരുത്ത് പാടത്തുവെച്ചാണ് അപകടം. പുഞ്ചകൃഷിയുമായി ബന്ധപ്പെട്ട് പാടത്ത് എത്തിയതായിരുന്നു കർഷകൻ. ബുധനാഴ്ച രാത്രിയിലെ ശക്തമായ കാറ്റിൽ വൈദ്യുത ലൈൻ പാടശേഖര പുറംബണ്ടിൽ പൊട്ടി വീണിരുന്നു. ലൈൻ പൊട്ടി വീണതോടെ പ്രദേശവാസികൾ എടത്വാ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചെങ്കിലും ഫ്യൂസ് ഊരി മാറ്റാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ നിർദ്ദേശിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
ജീവനക്കാർ നിർദ്ദേശിച്ചതനുസരിച്ച് നാട്ടുകാർ ഫ്യൂസ് ഊരിമാറ്റിയെങ്കിലും ലൈനിൽ വൈദ്യുതി പ്രവഹിച്ചിരുന്നു. രാവിലെ പാടത്തെത്തിയ ബെന്നി ജോസഫ് പൊട്ടിവീണ വൈദ്യുതി ലൈനിൽ ചവട്ടി ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. സമീപവാസികളുടെ അലർച്ചയെ തുടർന്ന് ഓടിയെത്തിയ പാടശേഖര പമ്പിംഗ് ഡ്രൈവർ ബിബീഷ് ഉടുതുണി ഉരിഞ്ഞെടുത്ത് വൈദ്യുത കമ്പിയിൽ കൂട്ടിപ്പിടിച്ച് മാറ്റിയ ശേഷമാണ് കർഷകൻ്റെ അടുത്തെത്തിയത്. ഓടിക്കൂടിയ നാട്ടുകാർ ബെന്നി ജോസഫിനെ പച്ച സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസിൻ്റെ പ്രാധമിക നടപടിക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം എടത്വാ സ്വകാര്യ മോർച്ചറിയിൽ എത്തിച്ചു. ഭാര്യ: സോഫിയാമ്മ. പരേതന് മക്കളില്ല. സംസ്കാരം നാളെ നടക്കും.