Site icon Janayugom Online

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: കരുതലിന്റെ കേരള മാതൃക

doctors

ആരോഗ്യ മേഖലയില്‍ ലോകത്തിനുതന്നെ മാതൃകയായി കേരളം മുന്നേറുകയാണ്. ആരോഗ്യ സൂചികകളിലും പൊതുജനാരോഗ്യത്തിലും മികച്ചുനില്‍ക്കുന്ന ലോകത്തിലെ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം കേരളത്തിന്റെ ആരോഗ്യരംഗം എത്തിക്കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച ചികിത്സയാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംരക്ഷണ പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അഥവാ കാസ്പ് (കെ.എ.എസ്.പി).

ഭാരിച്ച ചികിത്സാ ചെലവ് കാരണം സാധാരണ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക ബാധ്യതയ്ക്ക് പരിഹാരം കാണുക, സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാസ്പ് പദ്ധതി നടപ്പിലാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനിക്ക് ആയിരുന്നു ആദ്യവര്‍ഷം പദ്ധതിയുടെ നടത്തിപ്പ് ചുമതല. 2020 ജൂലായ് ഒന്ന് മുതല്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല പൂര്‍ണമായും സംസ്ഥാന ആരോഗ്യ ഏജന്‍സി ഏറ്റെടുത്തു. 

സംസ്ഥാനത്തെ ഏകദേശം 42 ലക്ഷത്തിലധികം കുടുംബങ്ങള്‍ പദ്ധതി ഗുണഭോക്താക്കളാണ്. ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയിലൂടെ നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍് ആളുകള്‍ക്കും ഈ പദ്ധതിയിലൂടെ സഹായം ലഭിക്കും. സംസ്ഥാന ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന കാസ്പ് നടപ്പാക്കുന്നത്. കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കായി കാരുണ്യ ബെനവലന്റ് ഫണ്ട് മുഖാന്തിരവും ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

ഇതോടൊപ്പം 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യകിരണം, കേള്‍വി പരിമിതിയുള്ള അഞ്ച് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഇംപ്ലാന്റേഷന്‍ ഉറപ്പാക്കുന്ന ശ്രുതിതരംഗം, കാന്‍സര്‍ സുരക്ഷ, തുടങ്ങി വിവിധ ആരോഗ്യ‑ക്ഷേമ പദ്ധതികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കുന്നു. ഇത്തരത്തിലുള്ള വിവിധ പദ്ധതികളുടെ ഏകീകരണത്തിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. 

പരിശോധനയ്‌ക്കോ ചികിത്സക്കോ വേണ്ടി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിന് അഞ്ച് ദിവസം മുമ്പ് മുതലുള്ള ചികിത്സാചെലവും ആശുപത്രി വാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും പദ്ധതിയിലൂടെ നല്‍കും. കുടുംബാംഗങ്ങളുടെ പ്രായം, ലിംഗം എന്നിവ പരിഗണിക്കാതെ എല്ലാ വ്യക്തികള്‍ക്കും ചികിത്സ ആനുകൂല്യം പദ്ധതിയിലൂടെ ലഭിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന വ്യത്യാസമില്ലാതെ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട ആശുപത്രികളില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാകും. മരുന്നുകള്‍ അനുബന്ധ വസ്തുക്കള്‍, പരിശോധന, ഡോക്ടറുടെ ഫീസ്, ഓപ്പറേഷന്‍ തിയേറ്റര്‍ ചാര്‍ജുകള്‍, ഐ.സി.യു ചാര്‍ജ്, ഇംപ്ലാന്റ് ചാര്‍ജുകള്‍ എന്നിവയും ഉള്‍പ്പെടും.

പദ്ധതിയുടെ ആരംഭഘട്ടത്തില്‍ 406 സര്‍ക്കാര്‍— സ്വകാര്യ ആശുപത്രികളാണ് എംപാനല്‍ ചെയ്യപ്പെട്ടത്. നിലവില്‍ 613 ആശുപത്രികള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിലെ 42 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. ഇതുവരെ 53 ലക്ഷം ക്ലെയിമുകളിലൂടെ 5,238 കോടിയോളം രൂപ വിതരണം ചെയ്തു.

കാസ്പ് പദ്ധതിയുടെ മികവാര്‍ന്ന നടത്തിപ്പിന് വിവിധ ദേശീയ പുരസ്‌കാരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള 2023 ലെ പുരസ്‌കാരം കേരളം കരസ്ഥമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉള്‍പ്പടെയുള്ള പദ്ധതികളിലൂടെ 3200 കോടിയിലധികം രൂപയുടെ സൗജന്യ ചികിത്സ സര്‍ക്കാര്‍ നല്‍കി. കാഴ്ച പരിമിതരായിട്ടുള്ള കാസ്പ് പദ്ധതി ഗുണഭോക്താക്കള്‍ക്കായി ചികിത്സ കാര്‍ഡ് ബ്രെയ്ലി ലിപിയില്‍ ലഭ്യമാക്കിയത് അനേകം പേര്‍ക്ക് ആശ്വാസമായി. ഇതിന് ‘മികവുറ്റ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഭാഗത്തിലെ പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്. 

പദ്ധതിക്കായി അനുവദിച്ച തുകയുടെ പൂര്‍ണ വിനിയോഗം നടത്തിയ സംസ്ഥാനം, ഓരോ 1000 കുടുംബങ്ങള്‍ക്കും ഏറ്റവും കൂടുതല്‍ ആശുപത്രി കിടക്കകള്‍ എംപാനല്‍ ചെയ്ത സംസ്ഥാനം, 90 ശതമാനം കുടുംബങ്ങള്‍ക്കും ഏതെങ്കിലും ആയുഷ്മാന്‍ കാര്‍ഡ് ഉറപ്പാക്കിയ സംസ്ഥാനം എന്നീ വിഭാഗങ്ങളിലും കേരളം പുരസ്‌കാരം നേടി. കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുള്ള അംഗീകാരമാണ് ഇത്തരം പുരസ്‌കാരങ്ങള്‍.

You may also like this video

Exit mobile version