Site iconSite icon Janayugom Online

കരൂര്‍ ദുരന്തം; കേന്ദ്രത്തിന് മണിപ്പൂരിലും കുംഭമേള ദുരന്തത്തിലും ഇല്ലാത്ത ആശങ്കയെന്ന് സ്റ്റാലിന്‍

തമിഴ് നടന്‍ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴക(ടിവികെ)ത്തിന്റെ റാലിക്കിടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 41 പേര്‍ മരിച്ച സംഭവം ബിജെപി രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. ബിജെപി ഭരിച്ചുകൊണ്ടിരിക്കെ മണിപ്പൂരില്‍ കലാപമുണ്ടായപ്പോഴും ഉത്തര്‍പ്രദേശിലെ കുംഭമേളയ്ക്കിടെ ദുരന്തമുണ്ടായപ്പോഴും അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ തയ്യാറാകാതിരുന്ന കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടിന്റെ കാര്യത്തില്‍ മാത്രം ആശങ്ക പുലര്‍ത്തുന്നത് തികച്ചും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് തമിഴ്നാടിന്റെ കാര്യത്തില്‍ ആശങ്കയുണ്ടായിട്ടല്ല, തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ്. തമിഴ്നാട്ടിലെ ആയിരക്കണക്കിന് ജനങ്ങളെ ബാധിച്ച മൂന്ന് വലിയ പ്രകൃതി ദുരന്തങ്ങളുണ്ടായിട്ടും കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ സംസ്ഥാനം സന്ദര്‍ശിക്കാന്‍ തയ്യാറാകുകയോ സഹായം നല്‍കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ ദുരന്തമുണ്ടായപ്പോള്‍ അവര്‍ തമിഴ്നാട്ടില്‍ വന്നുവെന്നും സ്റ്റാലിന്‍ പരിഹാസത്തോടെ പറഞ്ഞു. മധുരയില്‍ ജനിച്ച നിര്‍മ്മല സീതാരാമന്‍ കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭാ എംപിയായത്. മോഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രതിനിധിയായാണ് അവര്‍ കരൂര്‍ സന്ദര്‍ശിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.

നടിയും ബിജെപി പ്രവര്‍ത്തകയുമായ ഹേമാ മാലിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരൂര്‍ അപകടം വിലയിരുത്താനായെത്തിയത്. ടിവികെ റാലിക്ക് ആവശ്യമായ സ്ഥലം വിട്ടുനല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഹേമാമാലിനി സ്റ്റാലിനെ കുറ്റപ്പെടുത്തി. കരൂരിലെ റോഡ് വിജയിയെ പോലൊരു നടന് റാലി നടത്താന്‍ പര്യാപ്തമായിരുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ പൊലീസ് മുന്നറിയിപ്പുകള്‍ ടിവികെ അവഗണിക്കുകയായിരുന്നുവെന്ന് ഡിഎംകെ മറുപടി നല്‍കി. മുന്നറിയിപ്പുകള്‍ പാലിക്കുന്നതില്‍ നടത്തിപ്പുകാര്‍ക്ക് സംഭവിച്ച വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നും അവര്‍ വ്യക്തമാക്കി.

Exit mobile version