Site iconSite icon Janayugom Online

കരൂർ ദുരന്തം; ടിവികെ നേതാക്കളായ മതിയഴകനെയും പൗന്‍ രാജിനെയും റിമാന്‍ഡ് ചെയ്തു

കരൂർ ആൾക്കൂട്ട ദുരന്തത്തിൽ തമിഴക വെട്രി കഴകം നേതാക്കളായ മതിയഴകൻ, പൗൻ രാജ് എന്നിവരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇവരെ  റിമാൻഡ് ചെയ്തു. കരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ റിമാൻഡ് ചെയ്തത്. ഒക്ടോബർ 14 വരെയാണ് റിമാന്‍ഡ് കാലാവധി. തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയാണ് മതിയഴകന്‍. കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയാണ് പൗൻരാജ്.

സംഭവത്തെ തുടര്‍ന്ന് ഇരുവരെയും പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൗൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രാദേശിക നേതാവ് വിഴുപ്പുറം ജില്ലയിലെ ടിവികെ ബ്രാഞ്ച് സെക്രട്ടറിമാരിൽ ഒരാളായ വി അയ്യപ്പൻ ദുരന്തത്തിൽ മനംനൊന്ത് ജീവനൊടുക്കി. ഡിഎംകെഎംഎൽഎ സെന്തിൽ ബാലാജിയാണ് അപകടത്തിന് കാരണക്കാരൻ എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് മധുര ബെഞ്ചിൽ അപേക്ഷ നൽകിയിട്ടുണ്ട്. വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ 41 പേര്‍ മരിച്ചു. നിരവധിപേര്‍ ചികിത്സയില്‍ കഴിയുകയാണ്. മരിച്ചവരില്‍ സ്തീകളും കുട്ടികളും ഉള്‍പ്പെടുന്നു.

Exit mobile version