Site iconSite icon Janayugom Online

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്. ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു. ഇത്രയും വലിയൊരു നഷ്ടത്തിന് മുന്നിൽ ഈ തുക ഒന്നുമല്ല. എങ്കിലും, ഈ നിമിഷത്തിൽ, നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെന്ന നിലയിൽ, എൻ്റെ പ്രിയപ്പെട്ടവരായ നിങ്ങളോടൊപ്പം നിൽക്കുക എന്നത് എൻ്റെ കടമയാണ്.’ വിജയ് എക്സിൽ കുറിച്ചു.

‘കരൂരിൽ സംഭവിച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എൻ്റെ ഹൃദയവും മനസ്സും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ കടുത്ത ഭാരത്താൽ നിറയുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിൻ്റെ അതിയായ ദുഃഖത്തിനിടയിൽ വാക്കുകൾ കിട്ടുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ദുഃഖിക്കുന്ന നിങ്ങൾക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, ഈ വലിയ ദുഃഖത്തിൽ നിങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു.’

‘പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എല്ലാ പ്രിയപ്പെട്ടവരും വേഗത്തിൽ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിവരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം, ചികിത്സയിൽ കഴിയുന്ന പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ‘തമിഴക വെട്രി കഴകം’ ഉറപ്പായും നൽകുമെന്നും ഞാൻ ഉറപ്പുനൽകുന്നു. വിജയ് വ്യക്തമാക്കി.

Exit mobile version