Site icon Janayugom Online

കരുവന്നൂര്‍ സഹകരണ ബാങ്ക് ; ഉയര്‍ന്ന തുക നാളെ മുതൽ പിന്‍വലിക്കാം; 93 കോടി തിരിച്ചു നൽകിയെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി

karuvannur

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ കൂടുതൽ പാക്കേജുകളുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. 2023 ഒക്ടോബർ 31 ന് കാലാവധി പൂർത്തീകരിച്ച ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ളവർക്ക് നിക്ഷേപത്തിന്റെ 10 % തുകയും പൂർണ്ണമായ പലിശയും ഡിസംബർ രണ്ടിന് നൽകി തുടങ്ങുമെന്ന് കമ്മിറ്റി കൺവീനർ പി കെ ചന്ദ്രശേഖരൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. 1839 പേർക്കായി 64.9 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഇനത്തിൽ ഉള്ളത്. 13 കോടി രൂപയാണ് നിക്ഷേപത്തിന്റെ പത്ത് ശതമാനവും പലിശയുമായി വിതരണം ചെയ്യുന്നത്. ഇതിന് ആവശ്യമായ ധനം കുടിശ്ശിക പിരിവ്, ബാങ്കിന് മറ്റ് ധനകാര്യ സ്ഥാപനങ്ങളിലുള്ള നിക്ഷേപം, സഹകരണ സംഘങ്ങളിൽ നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങൾ , സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്നുള്ള സഹായം എന്നിവയിലൂടെ കണ്ടെത്തും.

കമ്മിറ്റി ഭരണം ആരംഭിക്കുമ്പോൾ ഉണ്ടായിരുന്ന ബാങ്കിലെ വായ്പ ബാക്കി നിൽപ്പ് ആയ 382.74 കോടി രൂപയിൽ 85 കോടി രൂപ പിരിച്ചെടുത്ത് കഴിഞ്ഞു. നിക്ഷേപവും പലിശയുമായി 93 കോടിയാണ് തിരിച്ച് നൽകിയത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴിയും കുടിശ്ശിക പിരിവ് വഴിയും 4.4 കോടി രൂപ പിരിച്ചെടുത്തു. നവംബർ മാസത്തിൽ 41 ലക്ഷം രൂപയുടെ നിക്ഷേപമാണ് ബാങ്കിന് ലഭിച്ചത്. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ അഞ്ച് കോടി രൂപ ഡിസംബറിൽ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വർണപ്പണയ വായ്പ പദ്ധതിയിലൂടെ 1422 പേർക്കായി 4.9 കോടി രൂപയും മറ്റ് വായ്പകളിലായി 37 പേർക്ക് 1.22 കോടിരൂപയും അനുവദിച്ചു.
നവംബർ ഒന്നിന് ആരംഭിച്ച പാക്കേജ് വഴി ഇതിനകം 4050 നിക്ഷേപകർ 15.5 കോടി രൂപയുടെ നിക്ഷേപമാണ് പിൻവലിച്ചത്. 1820 പേർ 11. 2 കോടി രൂപയുടെ നിക്ഷേപ കാലാവധി നീട്ടിയിട്ടുണ്ട്. ബാങ്കിലുള്ള ജനങ്ങളുടെ വിശ്വാസം വർധിച്ചതായും കൺവീനർ അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ അഡ്വ പി പി മോഹൻദാസ് ‚എ എം ശ്രീകാന്ത്, സിഇഒ കെ ആർ രാജേഷ് എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Karu­van­nur Coop­er­a­tive Bank; The high­er amount can be with­drawn from tomorrow

You may also like this video

Exit mobile version