Site iconSite icon Janayugom Online

കെഎഎസ് മെയിൻ പരീക്ഷ ഒക്ടോബറില്‍; പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ ജൂണ്‍ 14നും വിവരണാത്മക രീതിയിലുള്ള മെയിൻ പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലും നടക്കും. കഴിഞ്ഞ തവണത്തെപ്പോലെ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. പ്രിലിമിനറി ഒബ്ജക്ടീവ് പരീക്ഷയിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളാണുള്ളത്. 100 മാർക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് മെയിൻ പരീക്ഷയ്ക്കുള്ളത്. 2026 ജനുവരിയിൽ ഇന്റർവ്യൂ പൂർത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‍സി വിജ്ഞാപനത്തില്‍ പറയുന്നു.

മെയിൻ പരീക്ഷയുടെ 300 മാർക്ക്, ഇന്റർവ്യൂവിന്റെ 50 മാർക്ക് എന്നിവ ചേര്‍ത്ത് 350 മാര്‍ക്കിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. പ്രാഥമിക പരീക്ഷയിലെ മാര്‍ക്ക് കണക്കിലെടുക്കില്ല. മുൻ പരീക്ഷയുടെ സിലബസ് തന്നെയാണ് ഇത്തവണയും. പ്രിലിമിനറി, മെയിൻ പരീക്ഷകളിൽ ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഉൾപ്പെടുത്തും. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലുള്ളവർക്കു തമിഴ്, കന്നഡ പരിഭാഷയുമുണ്ട്. ഇംഗ്ലിഷിലോ മലയാളത്തിലോ ഉത്തരമെഴുതാം. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലിഷിലോ തമിഴിലോ കന്നഡയിലോ ഉത്തരമെഴുതാം.

31 ഒഴിവുകള്‍

കെഎഎസിലേക്ക് 31 ഒഴിവുകളാണ് ഇതുവരെ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത്. നേരിട്ടുള്ള നിയമനത്തിന്റെ സ്ട്രീം — ഒന്നിൽ 11, തസ്തികമാറ്റം വഴിയുള്ള സ്ട്രീം — 2, 3 എന്നിവയിൽ 10 വീതമാണ് ഒഴിവ്. 2019ലെ ആദ്യ കെഎഎസ് വിജ്ഞാപന പ്രകാരമുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത് 562 പേരാണ്. 3,29,826 പേരാണ് പരീക്ഷ എഴുതിയത്. മൂന്ന് സ്ട്രീമുകളിലായി 105 പേർക്ക് നിയമനം ലഭിച്ചു.

Exit mobile version