വിഷബാധ ഗൃഹപ്രവേശചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക്
കാസര്‍കോട് വീണ്ടും ഭക്ഷ്യ വിഷബാധയെന്ന് സംശയം. നീലേശ്വരം ചോയ്യങ്കോട് ടൗണിന് സമീപത്തെ വീട്ടില്‍ നടന്ന ഗൃഹപ്രവേശചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ചടങ്ങില്‍ സംബന്ധിച്ചവരിലെ ചിലര്‍ക്കാണ് വിഷബാധയേറ്റത്. പങ്കെടുത്ത 350 പേരില്‍ ഒട്ടേറെ പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായാണ്റിപ്പോർട്ട്. ഇവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയിലും സമീപത്തെ സഹകരണ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.
രണ്ടു കുട്ടികള്‍ ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ വയറിളക്കവും ഛര്‍ദിയുമാണുണ്ടായത്.
അതേസമയം ബിരിയാണിയും ഐസ്‌ക്രീമും കഴിച്ചവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. സലാഡ് കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഗൃഹപ്രവേശം നടന്ന വീട്ടിലും അയല്‍പക്ക വീട്ടിലുമായാണ് ഭക്ഷണമൊരുക്കിയത്. ആരോഗ്യവകുപ്പ് അധികൃതരെത്തി കിണര്‍ വെള്ളം സാമ്പിള്‍ ശേഖരിച്ച് കാസര്‍കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം നിരവധി പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്ന വിവരവും ഉണ്ട്.
ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഛർദ്ദിയും തലചുറ്റലും വയറിളക്കവും വന്നതോടെയാണ് ആളുൾ സംഭവം പരസ്പരം അറിയുന്നത്. കെ ലക്ഷ്മി (60), പി കാർത്യായനി (57), മിനി (50), വിനായകൻ (5 ), ശൈലജ, നിർമ്മല, സുജിത, വിജയൻ, ശോഭന എന്നിവർ നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഞായറാഴ്ച നടന്ന ഗൃഹപ്രവേശന ചടങ്ങിന് ശേഷം തിങ്കളാഴ്ചയും ചൊവ്വാഴ്ച്ചയുമായാണ് ഇവര്‍ക്ക് ശാരീരിക വിഷമതകൾ അനുഭവപെട്ടത്. ബിരിയാണി അരി, കോഴി, കുടിവെള്ളം എന്നിവയിൽ ഏതെങ്കിലുമുള്ള ഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്നും പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ മാസം 29നും,30നുമായി ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച 52 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ വിദ്യാര്‍ഥിനിയായ ഇ കെ ദേവനന്ദ മരിച്ചിരുന്നു. കൂടാതെ ഈ മാസം നാലിന് ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച കുണറുകളിലെ കൂടിവെള്ള സാമ്പിളുകളില്‍ ഷിഗെല്ല ഇ കോളി ബാക്ടീരിയ സാന്നിധ്യ സ്ഥിരികരിച്ചിരുന്നു. അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ല സാന്നിധ്യവും, 12 സാമ്പിളുകളില്‍ ഇ കോളി ബാക്ടീരിയ സാന്നിധ്യവും സ്ഥിരീകരിച്ചിത്. ആകെ 30 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് റീജിണൽ അനലിറ്റിക്കൽ ലാബിലാണ് പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകളിൽ സാല്‍മണൊല്ല, ഷിഗല്ല, കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.