കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങളില്‍ 27 ദിവസത്തിനിടെ കൊല്ലപ്പെട്ടത് എട്ട് പേര്‍. ഈ വര്‍ഷം മാത്രം പൊലീസ് അടക്കമുള്ള പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും കശ്മീരി പണ്ഡിറ്റുകളുടെ പലായനം തുടരുകയാണ്.
വ്യാഴാഴ്ച ബുദ്ഗാമില്‍ ബിഹാര്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കു നേരെ നടത്തിയ വെടിവയ്‌പില്‍ 17 വയസുള്ള ദില്‍ഖുശ് കുമാര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരി എന്നയാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുല്‍ഗാമില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയ് കുമാറും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു മാസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെടുന്ന മുസ്‌ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള മൂന്നാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് വിജയ്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കുല്‍ഗാമില്‍ രജനി ബാലയെന്ന അധ്യാപികയെ സ്കൂളില്‍ കയറി വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ ബുദ്ഗാമില്‍ ടെലിവിഷന്‍ താരവും ഗായികയുമായ അമ്രീന്‍ ഭട്ട് ബാരമുള്ളയില്‍ രജൗരി സ്വദേശിയായ രഞ്ജിത്ത് സിങ്ങും കൊല്ലപ്പെട്ടു. ഇതോടെയാണ് കശ്മീരി പണ്ഡിറ്റ് സമുദായാംഗങ്ങള്‍ ജമ്മുവിലേക്ക് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. നിലവില്‍ അനന്ത്നാഗ്, കുല്‍ഗാം, ബുഡ്ഗാം, ഗന്ദേര്‍ബല്‍, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലായി നാലായിരത്തിലധികം കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ചിട്ടുണ്ട്.
കശ്മീരില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് പാക് അധീന കശ്മീരിലെ മുസാഫര്‍ബാദിലാണെന്നാണ് രഹസ്യാന്വേണ വിഭാഗം കരുതുന്നത്. കൊലപ്പെടുത്തേണ്ട 200 പേരുടെ പട്ടിക ഭീകര സംഘടനകള്‍ തയാറാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍, ബിജെപി നേതാക്കള്‍ തുടങ്ങിയവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം സാധാരണക്കാര്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ ജമ്മു കശ്മീര്‍ സാധാരണനിലയിലായെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്നതാണെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള പറഞ്ഞു. വിഷയത്തില്‍ ഭരണകൂടം മണ്ണില്‍ തല പൂഴ്ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഉന്നതതല യോഗം ചേര്‍ന്നു
സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും സൈനിക, പൊലീസ് ഉദ്യോഗസ്ഥരുമായും ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. കരസേനാ മേധാവി മനോജ് പാണ്ഡെ, ഡിജിപി ദില്‍ബാഗ് സിങ്, റോ, ബിഎസ്എഫ്, സിആര്‍പിഎഫ് മേധാവിമാരായ സാമന്ത് ഗോയല്‍, പങ്കജ് സിങ്, കുല്‍ദീപ് സിങ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary: Kashmir in the shadow of fear: The exodus of Kashmiri Pandits continues
You may like this video also