Site iconSite icon Janayugom Online

കുറ്റം റദ്ദാക്കിയിട്ടും ജയില്‍മോചിതാനാകാതെ കശ്മീരി മാധ്യമപ്രവര്‍ത്തകന്‍

പൊതുസുരക്ഷാ നിയമം ചുമത്തി 2022 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരി പത്രപ്രവർത്തകൻ, കുറ്റം റദ്ദാക്കിയിട്ടും ജയില്‍ത്തന്നെ തുടരുന്നു. കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ സജാദ് ഗുലാണ് കുറ്റം റദ്ദാക്കിയിട്ടും ജയിലില്‍ തുടരുന്നത്. കഴിഞ്ഞ വർഷം നവംബർ 19 ന് ജമ്മു കശ്മീർ ഹൈക്കോടതി സജാദിനുമേല്‍ ചുമത്തിയ പൊതുസുരക്ഷാ നിയമം റദ്ദാക്കിയിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും, 2022 ജനുവരിയിൽ അറസ്റ്റിലേക്ക് നയിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ ഗുൽ ജയിലിൽ തുടരുകയാണ്.

ഗുലിനുമേല്‍ ചുമത്തിയ പി‌എസ്‌എ റദ്ദാക്കി ഒരു മാസത്തിലേറെയായി, ഗുലിന്റെ കുടുംബം ഇപ്പോഴും മകനെ കാണാൻ കാത്തിരിക്കുകയാണ്. 2022 ജനുവരി 16 നാണ് വിവാദ നിയമപ്രകാരം സജ്ജാദ് ഗുലിനെതിരെ കേസെടുത്തത്. മറ്റൊരു ക്രിമിനൽ കേസിൽ ബന്ദിപ്പോരയിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു പൊതു സുരക്ഷാ നിയമം ചുമത്തി ഗുലിനെ അറസ്റ്റ് ചെയ്തത്.

സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഒരു പ്രാദേശിക തീവ്രവാദിയുടെ വീട്ടിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്തതിന് 2022 ജനുവരി 06 നാണ് ഗുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് മുമ്പ് ഗുൽ ട്രെയിനി റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന തന്റെ മാഗസിൻ കശ്മീർ വാലയിൽ രാജ്യദ്രോഹപരമായ ലേഖനം പ്രസിദ്ധീകരിച്ചെന്നാരോപിച്ചുള്ള കേസിൽ മറ്റൊരു കശ്മീരി പത്രപ്രവർത്തകൻ ഫഹദ് ഷായ്ക്ക് ജമ്മു കശ്മീർ കോടതി ജാമ്യം അനുവദിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് സജാദ് ഗുലിനെ പൊതു സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

ദേശീയ സുരക്ഷയുടെ അടിസ്ഥാനത്തിൽ രണ്ട് വർഷം വരെയും പൊതു ക്രമം പരിപാലിക്കുന്നതിനായി ഒരു വർഷം വരെയും യാതൊരു വിചാരണയും കൂടാതെ ഏത് വ്യക്തിയെയും അറസ്റ്റ് ചെയ്യാന്‍ അധികാരികളെ അനുവദിക്കുന്നതാണ് ഈ നിയമം. 

Eng­lish Sum­ma­ry: Kash­miri jour­nal­ist not released from prison despite can­cel­la­tion of charges

You may also like this video

Exit mobile version