കാട്ടാനയുടെ ആക്രമണത്തില്‍ കുറുവദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുല്‍പ്പള്ളിയില്‍ വന്‍ പ്രതിഷേധം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. യുഡിഎഫ്, ബിജെപി എന്നീ പാര്‍ട്ടികളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഒരുവിഭാഗം ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പുല്‍പ്പള്ളിയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേര്‍ സംഘടിച്ച പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. രണ്ടുതവണ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. പലര്‍ക്കും പരിക്കേറ്റു. പൊലീസിന്റെയും വനം വകുപ്പിന്റെയും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും എംഎല്‍എമാര്‍ക്കും നേരെ കയ്യേറ്റമുണ്ടായി.
കാട്ടാന കൊലപ്പെടുത്തിയ പാക്കം വെള്ളച്ചാല്‍ പോളിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍ രാവിലെ ഒമ്പതരയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പോളിന്റെ കുടുംബത്തിന് സമാശ്വാസമായി 50 ലക്ഷം, ഭാര്യക്ക് ജോലി, മകളുടെ തുടര്‍വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സമരം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കകം പ്രതിഷേധം അക്രമാസക്തമാകുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ അമ്പത്താറ് വാഴയില്‍ കടുവ ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡവുമായി മറ്റൊരു സംഘം ബസ്‌സ്റ്റാന്റ് പരിസരത്ത് എത്തിയാണ് അക്രമം തുടങ്ങിയത്. വനംവകുപ്പിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രതിഷേധക്കാര്‍ ജീപ്പിന്റെ കാറ്റഴിച്ചുവിട്ടു. മുകള്‍ത്തട്ട് വലിച്ചുകീറി. പശുവിന്റെ ജഡം വനംവകുപ്പ് വാഹനത്തിന്റെ ബോണറ്റില്‍ കെട്ടിവച്ചു. വനംവകുപ്പിനും മന്ത്രിക്കും റീത്ത് വച്ചു. പൊലീസിനെതിരെ കല്ലും കുപ്പിയും എറിയുകയും ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തുകയും ചെയ്തു.
നേരത്തെ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച എല്ലാ സഹായവും പോളിന്റെ കുടുംബത്തിനും നല്‍കാമെന്ന് രേഖാമൂലം തീരുമാനമായി. ഇത് അറിയിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷം ശക്തമായത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്നും സ്ഥലത്തെത്തിയ എംഎല്‍എമാര്‍ അഭ്യര്‍ത്ഥിച്ചു. 10 ലക്ഷം അടുത്ത പ്രവൃത്തിദിവസം നല്‍കുമെന്നും ബാക്കി 40 ലക്ഷത്തിനു ശുപാര്‍ശ നല്‍കുമെന്നും പറഞ്ഞു. ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരുവിഭാഗം എംഎല്‍എമാര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്നാണ് കുപ്പിയും കസേരയും വലിച്ചെറിഞ്ഞത്. പൊലീസ് വലയത്തില്‍ എംഎല്‍എമാരെ മാറ്റുകയായിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെ ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രതിഷേധം ശാന്തമാക്കിയത്. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും ജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം ഇറക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടെടുത്തു. പിന്നീട് കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചതായി എഡിഎം എത്തി രേഖാമൂലം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സംസ്കാരം നടന്നത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസംഭവത്തില്‍ പൊലീസ് കേസെടുത്തു.
English Summary:Katanakali: protest, conflict in Wayanad hartal
You may also like this video