Site iconSite icon Janayugom Online

ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ കാവാലം ഗ്രാമംവിട നൽകി

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എംബിബിഎസ് വിദ്യാർത്ഥിയായ ആയുഷ് ഷാജിയ്ക്ക് കണ്ണീരോടെ വിട നൽകി നാട്.പിതാവ് ഷാജിയുടെ കാവാലം നെല്ലൂരിലെ കുടുംബ വീട്ടിലാണ് സംസ്കാരചടങ്ങുകൾ നടന്നത്. മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചതിന് സമീപം തന്നെയായിരുന്നു ആയുഷിനും ചിതയൊരുക്കിയത്. അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കണ്ണീർ ആർക്കുംകണ്ടു നിൽക്കാൻ കഴിയുന്നതായിരുന്നില്ല. അശ്വസിപ്പിക്കാൻ എത്തിയവർ വാക്കുകൾ ഇല്ലാതെ തൊണ്ടയിടറി നിന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നുള്ള ആയുഷിന്റെ കൂട്ടുകാരും അധ്യാപകരും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. ബന്ധുക്കളും നാട്ടുകാരും ജന പ്രതിനിധികളുമുൾപ്പടെ നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി.

സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി ആയുഷ് യാത്രയാകുമ്പോൾ ഒരു നാട് മുഴുവൻ കണ്ണീരണിയുന്ന കാഴ്ചയാണ് കാവാലത്ത് കണ്ടത്. കുട്ടനാട്ടിലെ സാധാരണ കുടുംബത്തിൽ വളർന്ന ആയുഷ് എംബിബിഎസ് പഠനത്തിനുശേഷം കേരളത്തിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ കൂട്ടുകാരായ മറ്റു നാലുപേർക്കൊപ്പം ആയുഷും മരണത്തെ പുൽകി. ഇന്ന്രാവിലെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത് മുതൽ ഉള്ളുനീറുന്ന കാഴ്ചകളാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടി. രാവിലെ 9.30ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് കുടുംബാംഗങ്ങളെല്ലാം ആയുഷിന് അന്ത്യചുംബനം നൽകി. രാവിലെ 11.15ഓടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

Exit mobile version