അപകട രഹിത പാതയ്ക്കായി കയ്പമംഗലത്തിൻ്റെ കരുതൽ പദ്ധതി 100 ദിവസം പിന്നിട്ടു. കയ്പമംഗലത്ത് ദേശീയപാതയിലെ വാഹനാപകടങ്ങൾ ഇല്ലായ്‌മ ചെയ്യുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്തും, പോലീസും, സന്നദ്ധ സംഘടനകളും ചേർന്ന് ആരംഭിച്ച ചുക്ക് കാപ്പി പദ്ധതി ജനപിന്തുണയിൽ നൂറ് ദിവസം പൂർത്തീകരിച്ചു. ദേശീയപാത 66ൽ രാത്രി കാലങ്ങളിൽ അപകടങ്ങൾ വർദ്ധിച്ചു വരികയും, മരണങ്ങൾ സംഭവിക്കുന്നതും പതിവായതോടെ ഡ്രൈവറുടെ ഉറക്കത്തിന് തടയിടുന്നതിനായാണ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാന പ്രകാരം ചുക്ക് കാപ്പി വിതരണം ആരംഭിച്ചത്.
രാത്രി 12.30 മുതൽ പുലർച്ചെ 4.30 വരെ കയ്പമംഗലം ബോർഡ് ജംഗ്ഷനിലാണ് അപകട രഹിത പാതയ്ക്കായി കയ്പമംഗലത്തിൻ്റെ കരുതൽ പദ്ധതിയായ ചുക്ക് കാപ്പി വിതരണം നടത്തി വരുന്നത്. 100 ദിവസത്തിനിടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായെത്തിയിരുന്നു. വിദ്യാർത്ഥി സമൂഹവും വിവിധ ക്ലബ്ബുകളും, സന്നദ്ധ സംഘടനകളും, രാഷ്ട്രിയ പ്രവർത്തകരും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, ആരാധനാലയ ഭാരവാഹികളും ചുക്ക് കാപ്പി വിതരണത്തിന് സന്നദ്ധരായി രംഗത്ത് എത്തി. അമ്പത്തിയൊന്നാം ദിവസത്തെ ചുക്ക് കാപ്പി വിതരണം ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജയാണ് ഉദ്‌ഘാടനം ചെയ്തത്. പദ്ധതി ആരംഭിച്ചു നൂറ് ദിവസത്തിനുള്ളിൽ പ്രദേശത്ത് രാത്രിയിൽ ഒരു അപകടം പോലും സംഭവിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
കരുതലിന്റെ നൂറാം ദിനത്തിൽ സബ് കളക്ടർ മുഹമ്മദ് ഷെഫീക്ക് ചുക്ക് കാപ്പി വിതരണ കേന്ദ്രം സന്ദർശിച്ചു. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ എംഎൽഎ, കൊടുങ്ങല്ലൂർ ഡിവൈഎസ് പി സലീഷ് എൻ ശങ്കരൻ, പദ്ധതി ചെയർമാനും പഞ്ചായത്തംഗവുമായ സി ജെ പോൾസൺ, കോ-ഓർഡിനേറ്റർ കെ കെ സക്കരിയ, കയ്പമംഗലം പോലീസ് ഇൻസ്‌പെക്ടർ എം ഷാജഹാൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ യു വൈ ഷമീർ, വാർഡ് മെമ്പർ റസീന ഷാഹുൽ ഹമീദ്, മറ്റു ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചളിങ്ങാട് ഇശൽ മെഹ്താബ് അവതരിപ്പിച്ച കൈമുട്ടിപ്പാട്ടും ഉണ്ടായിരുന്നു.ചുക്ക് കാപ്പി വിതരണത്തിനിടയിൽ സിനിമ നടൻ ഹരീഷ് കണാരൻ എത്തുകയും സംഘാടകരുമായി സമയം ചിലവഴിക്കുകയും ഈ സൽപ്രവർത്തിക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുമാണ് അദ്ദേഹം യാത്രയായത്.
English Summary: Kaipamangalam’s conservation plan has crossed 100 days
You may also like this video