Site iconSite icon Janayugom Online

സതീശന്റെ നോമിനി ഡിസിസിപ്രസിഡന്റാകാതിരിക്കാന്‍ ശക്തന് കെസിയുടെ വാഗ്ദാനം

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം എന്‍ ശക്തന്‍ രാജിവെച്ച വാര്‍ത്ത വന്നതിനു പിന്നാലെ മണിക്കൂറുകള്‍ക്കകം അദ്ദേഹം അതു നിഷേധിച്ച് രംഗത്തു വന്നു.എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലാണു രാജി പിന്‍വലിക്കുന്നതിനു പിന്നിലെന്നു പറയപ്പെടുന്നു. ഡിസിസി പ്രസിഡ‍ന്റായിരുന്ന പാലോട് രവി ഫോണ്‍ വിവാദത്തില്‍ കുടുങ്ങിയപ്പോള്‍ കെപിസിസി വൈസ് പ്രസി‍ഡന്റായിരുന്ന ശക്തന് പ്രസിഡന്റിന്റെ താല്ത്താലിക ചുമതല നല്‍കുകയായിരുന്നു.

രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും നേതൃത്വം ഉറപ്പുനൽകി.എന്നാല്‍ അതു നടന്നില്ല .പാലോട് രവിയെ കെപിസിസിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളാക്കുകയും ചെയ്തു. ശക്തനെ കെപിസിസിയുടെ ജംബോ കമ്മിറ്റികളില്‍ ഒന്നിലും ഇടവും കിട്ടിയില്ല.തൽക്കാലത്തേക്ക്‌ എന്നുപറഞ്ഞ്‌ ഏൽപ്പിച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌ സ്ഥാനം വേണ്ടെന്ന്‌ നേതാക്കളെ അറിയിച്ചിട്ടും നടപടിയുണ്ടാകാഞ്ഞതിനെ തുടർന്നായിരുന്നു ശക്തന്റെ രാജി നീക്കം.തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള തന്റെ മോഹത്തിന്‌ പ്രസിഡന്റ് സ്ഥാനം പാരയാകുമെന്ന്‌ കണ്ടാണ്‌ രാജിയിലേക്ക് എത്തിയത്. കെപിസിസിക്ക് രാജിക്കത്ത് കൈമാറിയ സാഹചര്യത്തിലാണ് കെ സി നിയമസഭാ സീറ്റു ഓഫര്‍ ശക്തന് നല്‍കിയത്.ഇതോടെ രാജി വാർത്ത നിഷേധിച്ച് ശക്തൻ രംഗത്ത്‌വന്നു.

ശക്തൻ തദ്ദേശ തെരഞ്ഞെടുപ്പ് വരെ തുടരും എന്നാണ് ഇപ്പോഴത്തെ ധാരണ. നെയ്യാറ്റിൻകര സീറ്റിലാണ് ശക്തന്റെ നോട്ടം. ഫോണ്‍ വിവാദത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസി‍ഡന്റ് പാലോട് രവി തന്റെ ആളാണെന്നും പകരം വരുന്ന ആളും താന്‍ നിര്‍ദ്ദേശിക്കുന്ന ആളാകണമെന്ന പിടിവാശിയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

മുമ്പ് തിരുവനന്തപുരം ജില്ലയിലെ അറിയപ്പെടുന്ന എ ഗ്രൂപ്പിലെ പ്രധാനികളിലൊരാളായിരുന്നു പാലോട് രവി. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയപ്പോള്‍ സതീശന്റെ ഗ്രൂപ്പിലെ ഒരാളായി മാറി പാലോട്. സതീശന്‍ തന്റെ അടുത്തആളായ ചെമ്പഴന്തി അനിലിനെ ഡിസിസിപ്രസിഡന്റാക്കണമെന്ന പിടിവാശിയിലാണ്. അനിലിനെ അല്ലാതെ മറ്റാരെയും പരിഗണികക്കാന്‍ സമ്മതിക്കുകയില്ലന്ന് നിലപാടിലാണ് സതീശനെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശക്തന്‍ തന്നെ തുടരുന്നതിനാണ് കെസി യുടെ താല്‍പര്യം

Exit mobile version