Site iconSite icon Janayugom Online

ബിജെപി ക്രൈസ്തവ വേട്ട നടത്തുന്നുവെന്ന് കെസിബിസി റിപ്പോര്‍ട്ട്

KCBCKCBC

ബിജെപി ഭരണമുള്ളതും തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സ്വാധീനമുള്ളതുമായ സംസ്ഥാനങ്ങളിൽ നിസ്വാർത്ഥ സേവനം നടത്തി ജീവിക്കുന്ന എണ്ണമറ്റ കത്തോലിക്കാ സന്ന്യസ്തരും വൈദികരും മതപരിവർത്തനം ആരോപിച്ച് എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യപ്പെടാമെന്നോ ആക്രമിക്കപ്പെടാമെന്നോ ഉള്ള ഭീതിയിലാണ് കഴിയുന്നതെന്ന് കേരളാ കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) നിയോഗിച്ച വിശകലന സമിതിയുടെ പഠന റിപ്പോർട്ട്. അതേസമയം, നിർബന്ധിതമായ ഘർവാപസി എന്ന പേരിൽ മതപരിവർത്തനം നടത്തുന്നതിന് നിയമങ്ങൾ ബാധകമല്ല എന്നത് വിചിത്രമായിരിക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. 

കെസിബിസിയുടെ മുഖ മാസികയായ ‘ജാഗ്രത’ യുടെ ഈ ലക്കത്തിലാണ്, ബിജെപി സർക്കാരുകളുടെ കൈസ്തവ വേട്ടയുടെയും സംഘ്പരിവാർ അതിക്രമങ്ങളുടെയും വിശദമായ പഠനമടങ്ങുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ക്രിസ്ത്യൻ സമുദായവുമായി അടുത്ത ബന്ധമാണുള്ളതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവരുടെ വീമ്പ് പറച്ചിലിനിടയിൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മെത്രാൻ സമിതിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ വന്ന പഠന റിപ്പോർട്ട് ബിജെപി കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് മറയാക്കുകയാണെന്നും ഈ സംസ്ഥാനങ്ങളിൽ നിയമത്തിൽ കൂടുതൽ കർക്കശമായ വ്യവസ്ഥകൾ എഴുതിച്ചേർക്കുന്നതിലൂടെ കൈസ്തവ വേട്ടയ്ക്കുള്ള പുതിയ വാതിൽ കൂടി അവർക്ക് തുറന്നു കിട്ടുകയാണെന്നും വിശകലന സമിതി ചൂണ്ടിക്കാട്ടുന്നു. 

തീവ്ര ഹിന്ദുത്വ സംഘടനകൾക്ക് സ്വാധീനമുള്ള സർക്കാർ സംവിധാനങ്ങൾ വരെ ക്രൈസ്തവ വിരുദ്ധതയ്ക്ക് ഉപയോഗിക്കുന്നത് കാണാം. മിഷണറിമാരെയും തലമുറകളായി ക്രൈസ്തവ മതം സ്വീകരിച്ചിട്ടുള്ളവരെയും ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണ് ഇപ്പോൾ നടന്നു വരുന്നത്-റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭാരതത്തിലെ 2.3 ശതമാനം വരുന്ന ക്രൈസ്തവ സമൂഹം നേരിടുന്ന ക്രൂരമായ പാർശ്വവല്‍ക്കരണം ഗൗരവമേറിയതാണെന്നും, പ്രാർത്ഥനാ മുറിയിലോ സ്വകാര്യ മുറിയിലോ സൂക്ഷിക്കുന്ന ബൈബിളോ പ്രാർത്ഥനാ ഗ്രന്ഥങ്ങളോ കണ്ടെടുത്തിട്ട് അതിന്റെ പേരിൽ മതപരിവർത്തന ശ്രമം ആരോപിക്കുന്നതും ബിജെപിക്ക് ഭരണമുള്ളതും ഹിന്ദുത്വ തീവ്ര സംഘടനകൾക്ക് സ്വാധീനമുള്ളതുമായ സംസ്ഥാനങ്ങളിൽ പതിവായിട്ടുണ്ടെന്നും മാസികയുടെ മുഖലേഖനത്തിൽ പറയുന്നു.

Eng­lish Sum­ma­ry: KCBC report that BJP is hunt­ing Christians

You may also like this video

Exit mobile version