Site iconSite icon Janayugom Online

മൂന്നുമാസത്തിനകമെന്ന് സൂചന നല്‍കി കെസിആര്‍; പ്രതിപക്ഷ സഖ്യം ഉടന്‍

മൂന്നാം ബദല്‍ ഉടനെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി തുറന്ന പോരിന് തുടക്കമിട്ടതിന് പിന്നാലെയാണ് കെസിആര്‍ ബദൽ പ്രതിപക്ഷ സഖ്യം ഉടന്‍ രൂപീകരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കാനും ഭാവി സുരക്ഷിതമാക്കാനും ഇത്തരമൊരു മൂന്നാം ബദല്‍ ആവശ്യമാണെന്നും അതിന്റെ വരവിനെ ഇനിയാര്‍ക്കും തടയാനാകില്ലെന്നും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) നേതാവ് പറഞ്ഞു. നിലവില്‍ പുതിയ വാര്‍ത്തകളൊന്നും തരാനില്ല, രണ്ടോ മൂന്നോ മാസങ്ങള്‍ കൂടി അതിനായി കാത്തിരിക്കേണ്ടതുണ്ട്. ദേശീയതലത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ട്. ഇത്തവണ ഇന്ത്യ മാറും. ഇന്ത്യയുടെ മാറ്റം ഭാവിയെ രൂപപ്പെടുത്തും. ഈ മാറ്റത്തിനായി എല്ലാവരും കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകര്‍, ദളിതര്‍, ഗോത്രവര്‍ഗ വിഭാഗം ഇവരാരും ഇന്ന് സന്തുഷ്ടരല്ല. ഓരോ ദിവസം കഴിയുന്തോറും സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറ‌ഞ്ഞു. കഴിഞ്ഞദിവസം ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രിയുടെ ചടങ്ങുകളില്‍ നിന്നും കെസിആര്‍ വിട്ടുനിന്നതോടെ ഇരുവരും തമ്മില്‍ വാക്പോര് രൂക്ഷമായിരുന്നു. ജനുവരിയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ കെസിആറിനെ കണ്ട് ബിജെപിക്കെതിരായ ബദലുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ചന്ദ്രശേഖര റാവു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിമാരുമായും ഉടന്‍ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം കർണാടകയിലെത്തിയ കെസിആര്‍ ജനതാദൾ (സെക്കുലർ) നേതാക്കളായ മുന്‍ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ചും ചര്‍ച്ച നടന്നു.

Eng­lish Summary:KCR hints at with­in three months
You may also like this video

Exit mobile version