Site iconSite icon Janayugom Online

കീം: പുതിയ മാര്‍ക്ക് ഏകീകരണ സമവാക്യത്തിന് അംഗീകാരം

എന്‍ജിനീയറിങ് പ്രവേശന പരീക്ഷ മാര്‍ക്ക് ഏകീകരണത്തിലെ പുതിയ സമവാക്യത്തിന് അംഗീകാരം നല്‍കി. മാർക്ക് ഏകീകരണ സംവിധാനം പുനഃപരിശോധിക്കാൻ നിയമിച്ച നാലം​​ഗ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇതനുസരിച്ച് കീം 2026 പ്രോസ്പെക്ടസില്‍ ആവശ്യമായ ഭേദഗതികൾ വരുത്താൻ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അനുമതി നൽകി. വിദ്യാർത്ഥികളുടെ മാർക്കിൽ കുറവുവരാത്ത രീതിയിലാണ് പുതിയ സമവാക്യം. എല്ലാ ബോർഡിലെയും വിദ്യാർത്ഥികൾക്ക് തുല്യനീതി ഉറപ്പാക്കുകയെന്നതാണ് ഏകീകരണത്തിന്റെ ലക്ഷ്യം. സംസ്ഥാന ബോർഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള ബോർഡുകളും എൻസിഇആർടി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് സിലബസ്. നിലവിലെ ഏകീകരണ രീതി അനാവശ്യ മാർക്ക് വ്യത്യാസങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇത് വിദ്യാഭ്യാസ നീതിയുടെ ലംഘനമാണെന്നും സമിതി നിരീക്ഷിച്ചു.

പ്ലസ്ടു മാർക്കും പ്രവേശന പരീക്ഷയുടെ മാർക്കും ചേർത്ത് 600 മാർക്കിലാണ് പോയിന്റ് നില നിശ്ചയിക്കുന്നത്. പുതിയ മാർക്ക് ഏകീകരണത്തിലും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബയോടെക്നോളജി) എന്നിവയാണ് പരി​ഗണിക്കുന്നത്. ഈ വിഷയങ്ങളിൽ ഓരോ പരീക്ഷാ ബോർഡിലെയും ഉയർന്ന മാർക്കെടുത്ത് ഇതിനെ 100 മാർക്കായി പരി​ഗണിക്കും. അതായത് ഒരു ബോർഡിലെ ഉയർന്ന മാർക്ക് 95 ആണെങ്കില്‍ വിദ്യാർത്ഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്ക് ലഭിച്ചാൽ അതിനെ നൂറാക്കും. 

അതായത് ആ വിദ്യാര്‍ത്ഥിയുടെ 70 മാർക്ക് എന്നത് 73.68 ആകും. (70÷95x100=73.68). എൻജിനീയറിങ് റാങ്ക് പട്ടികയ്ക്ക് പരിഗണിക്കുന്ന മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഇങ്ങനെ ഏകീകരിക്കും. ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന മാർക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയിൽ പരിഗണിക്കുക. മുൻ വർഷങ്ങളിൽ പ്ലസ് ടു പരീക്ഷ പാസായവരുടെ മാർക്കും ഇതേരീതിയിൽ ഏകീകരിക്കും. 

Exit mobile version