Site icon Janayugom Online

കെജ്‍രിവാൾ പകർത്തുന്നത് മോഡിയുടെ ശെെലി

app

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‍രിവാൾ ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ പൂർണതയിലെത്തിയെന്ന് സമീപകാല നിലപാടുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കളരിയിൽ നിന്ന് അതേ ഭാഷയും ഉള്ളടക്കവും വാക്കുകളും പെരുമാറ്റവും പകർത്തുകയാണ് ഡൽഹി മുഖ്യമന്ത്രി. മോഡിയുടെ ഭാഷ ജനങ്ങളെ സ്വാധീനിക്കുന്നു എന്ന വിലയിരുത്തലിൽ അതേ അളവിലുള്ള ചെരുപ്പ് ധരിക്കാനാണിപ്പോൾ കെജ്‍രിവാളിന് തിടുക്കം.
അധികാരത്തിന്റെ ആദ്യനാളുകളിൽ നരേന്ദ്ര മോഡിയുടെ പ്രവൃത്തികളെയും പ്രസ്താവനകളെയും കെജ്‍രിവാൾ ശക്തമായി ആക്രമിക്കാറുണ്ടായിരുന്നു. എന്നാൽ ക്രമേണ അതിലെ വിഡ്ഢിത്തം ആം ആദ്മി നേതാവ് മനസിലാക്കി. ചില സമയങ്ങളിൽ അതിന് വലിയ വില നൽകേണ്ടി വന്നു. അതോടെ ‘നിങ്ങൾക്ക് ശത്രുവിനോട് യുദ്ധം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അവനോടൊപ്പം ചേരുക’ എന്ന ചൊല്ലിന്റെ പൊരുൾ അദ്ദേഹം തിരിച്ചറിഞ്ഞു. മോഡിയും അദ്ദേഹത്തിന്റെ ബിജെപിയും എതിർപക്ഷത്തായിരിക്കെ തന്നെ കെജ്‍രിവാൾ മോഡിയുടെ ശൈലിയും സമീപനവും സ്വീകരിക്കുകയാണ്.
കെജ്‍രിവാളിന്റെ സമീപകാല പരാമർശങ്ങളിൽ ചിലത് മോഡിയുടേതായി എളുപ്പത്തിൽ യോജിക്കുന്നവയാണ്. ചില പ്രസംഗങ്ങളുടെ ഉള്ളടക്കം മോഡിയുടെ പ്രസംഗങ്ങളുമായി സാമ്യമുള്ളതാണ്. കെജ്‍രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം, പ്രത്യേകിച്ച് ഡൽഹിക്ക് പുറത്ത് പ്രധാനമന്ത്രിയുടേത് പോലെ ആഢംബരപൂര്‍ണവും പൊള്ളയായതുമാണ്. ‘ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായം’ എന്ന കെജ്‍രിവാളിന്റെ ഏറ്റവും പുതിയ ആഹ്വാനവും ഈ വിഷയത്തിലെ മോഡിയുടെ വീക്ഷണങ്ങളുമായി ആശയസാദൃശ്യം തോന്നിക്കുന്നതാണ്.


ഇതുകൂടി വായിക്കൂ: കെജ്‌രിവാൾ നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ട


ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഡോദരയിൽ രക്ഷിതാക്കളുമായും അധ്യാപകരുമായും സംസാരിക്കവെ എഎപി നേതാവ് പറഞ്ഞത് ‘പൗരാണിക നളന്ദ സർവകലാശാല പോലെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറണ’മെന്നാണ്. ലോകത്തിന്റെ വിജ്ഞാന തലസ്ഥാനം എന്ന സ്ഥാനം ഇന്ത്യ തിരിച്ചുപിടിക്കുമെന്ന് മോഡി ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നു. ‘ബ്രിട്ടീഷുകാർ നമുക്ക് വിട്ടുനല്കിയത് 1830കളിൽ മെക്കാളെ തയാറാക്കിയ വിദ്യാഭ്യാസംവിധാനമാണ്. ഗുമസ്തന്മാരായി അവരെ സേവിക്കാന്‍ വേണ്ടിയുള്ളതാണത്. സ്വാതന്ത്ര്യ സമര സേനാനികളെയും താൻ ബഹുമാനിക്കുന്നു. പക്ഷേ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ, പഴയ ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം നിർത്തലാക്കി സ്വതന്ത്ര ഇന്ത്യക്ക് ഒരു പുതിയ വിദ്യാഭ്യാസ സമ്പ്രദായം നാം ഒരുക്കേണ്ടതായിരുന്നു’-കെജ്‌രിവാൾ പറഞ്ഞു.
മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഈ രാഷ്ട്രീയ നേതാവ് തന്റെ ഗുജറാത്ത് പ്രചാരണത്തിന് തുടക്കമിട്ടത്, മോഡി ശൈലിയിൽ, ദ്വാരക ജില്ലയിലെ പ്രശസ്തമായ ദ്വാരകാധീശ് ക്ഷേത്രം സന്ദർശിച്ച് പ്രാർത്ഥന നടത്തിക്കൊണ്ടാണ്. വൈകുന്നേരം സൂറത്തിലെ ഗണേഷ് പന്തലിൽ ‘ആരതി‘യിലും പങ്കെടുത്തു. സീമദാ നക ഏരിയയിലെ പാർട്ടി ഓഫീസിന് പുറത്ത് ‘എഎപി കാ രാജ’ എന്നായിരുന്നു അദ്ദേഹത്തെ വരവേല്ക്കാന്‍ ആലേഖനം ചെയ്തിരുന്നത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്‌രിവാൾ തന്റെ പുതിയ ഫോർമുലയാണ് പ്രയോഗിച്ചത്. അതില്‍ വിജയിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നടപ്പാക്കാനുള്ള മാതൃകയായി മാറ്റുകയും ചെയ്തു. സാധ്യമായിടത്ത് ഹിന്ദു കാർഡ് ഫലപ്രദമായി ഉപയോഗിക്കുകയും നേട്ടം കൊയ്യുകയുമായിരുന്നു. ലുധിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഹിന്ദുക്കളിലും വ്യാപാരികളിലും ആശങ്ക ഉണർത്തി. അദ്ദേഹത്തിന്റെ ഈ പ്രസ്താവന സിഖുകാരിലും ദളിതരിലും ഒരു വിഭാഗം ഹിന്ദുക്കളിൽ നിന്നു പോലും നിശിത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.


ഇതുകൂടി വായിക്കൂ: കെജ്‌രിവാള്‍ ജനങ്ങള്‍ക്കും ജനാധിപത്യത്തിനും ഒപ്പമല്ല


ഉത്തരാഖണ്ഡിലാകട്ടെ, അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ലോകഹിന്ദുക്കളുടെ ആത്മീ യ തലസ്ഥാനമാക്കി മാറ്റുമെന്നാണ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. പ്രളയത്തിന് ശേഷം കേദാർനാഥിന്റെ പുനർനിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ച കേണൽ അജയ് കൊത്തിയാലിനെ പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി അദ്ദേഹം ഉയർത്തിക്കാട്ടി. ഉത്തരാഖണ്ഡ് ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായതിനാൽ, കെജ്‍രിവാൾ വ്യക്തമായും ഹിന്ദു കാർഡ് കളിക്കുകയായിരുന്നു. കേണലിലൂടെ വിമുക്തഭടന്മാരുടെ വോട്ട് ബാങ്കിലേക്ക് കടന്ന് ചെല്ലാനുമായി.
ആം ആദ്മി പാർട്ടി ഹിന്ദു കാർഡ് കളിച്ച് മുസ്‍ലിം അനുകൂല പ്രതിച്ഛായ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നതിന് വേറെയും സംഭവങ്ങളുണ്ട്. ജന്തർ മന്ദർ റാലിയിൽ ഉയർന്ന മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളെ അപലപിക്കുന്നതിൽ പരാജയപ്പെട്ടതും അദ്ദേഹത്തിന്റെ മൗനവും ‘സംഘി’ എന്ന് വിശേഷിപ്പിക്കാൻ മുസ്‍ലിം അനുകൂല ട്വിറ്റർ അക്കൗണ്ടുകളെ പ്രേരിപ്പിച്ചതില്‍ അത്ഭുതമില്ല. എഎപിയുടെ രാഷ്ട്രീയ തത്വചിന്തയെ ഇതുവരെ പിന്തുണച്ചിരുന്ന ലിബറൽ ചിന്താഗതിക്കാര്‍ക്കിടയിൽ അദ്ദേഹത്തിന്റെ പുതിയ സമീപനം പുരികം ചുളിയാന്‍ കാരണമായിട്ടുണ്ട്. എന്നാൽ കെജ്‍രിവാളിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വോട്ട് ബാങ്കാണ് പ്രധാനം, തത്വശാസ്ത്രമല്ല.

(കടപ്പാട്: ഐപിഎ)

Exit mobile version