Site icon Janayugom Online

കെല്‍— ഇഎംഎല്‍ — ബദല്‍ നയത്തിന്റെ അടയാളം

കേരളത്തിന്റെ വടക്കേ ജില്ലയായ കാസര്‍കോട് ഇന്നലെയൊരു സ്ഥാപനം നാടിനു സമര്‍പ്പിക്കുകയുണ്ടായി. നവ ഉദാരീകരണ നയത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്പനയ്ക്കുവച്ച സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇതാ ബദലെന്ന് പ്രഖ്യാപിച്ചുള്ള നടപടികളുടെ ഭാഗമായാണ് കെല്‍-ഇഎംഎല്‍ എന്ന സംരംഭം ജനസമക്ഷം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചിരിക്കുന്നത്. ലാഭകരമായൊരു സ്ഥാപനത്തെ നഷ്ടത്തിലാക്കുകയും പിന്നെ വില്പനയ്ക്ക് കളമൊരുക്കുകയും ചെയ്യുന്ന കുറുക്കന്‍ ബുദ്ധി ഫലപ്രദമാകാതെ പോയതിന്റെ കഥ കൂടിയുണ്ട് ഈ സംരംഭത്തിന്റെ പുനര്‍ജനിക്കു പിന്നില്‍. സംസ്ഥാനം എല്‍ഡിഎഫ് ഭരിച്ച 2006-11 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങളില്‍ ഒന്നായിരുന്നു കാസര്‍കോടുള്ള കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എന്‍ജിനീയറിങ് കമ്പനി ലിമിറ്റഡ് (കെല്‍). ഇതോടൊപ്പം തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന കെല്‍ടെകിനെ ബ്രഹ്മോസ് എയറോസ്പേസും ഏറ്റെടുത്തു. എന്നാല്‍ 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ അവലംബിച്ച അവഗണനാ മനോഭാവത്തെ തുടര്‍ന്ന് ഈ സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലായി. അതിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നവരത്ന കമ്പനികളില്‍ ഒന്നായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ഭെല്‍-ബിഎച്ച്ഇഎല്‍) ഏറ്റെടുത്ത കെല്‍ പ്രതിസന്ധിയിലായതും പിന്നീട് അടച്ചുപൂട്ടിയതും. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കെല്ലിനെ 2011 മാര്‍ച്ചിലാണ് ഭെല്‍ ഏറ്റെടുത്തത്. തുടര്‍ന്നുള്ള ആറുമാസം സംരംഭം ലാഭത്തില്‍ തന്നെ തുടര്‍ന്നു. റയില്‍വേയ്ക്ക് പവര്‍ കാറുകളും, പ്രതിരോധമേഖലക്ക് മിസൈല്‍ ലോഞ്ചറുകള്‍ക്കാവശ്യമായ ഗ്രൗണ്ട് പവര്‍ യൂണിറ്റുകളും ഉല്പാദിപ്പിക്കുന്ന സംരംഭം 1990ലാണ് കെല്ലിന്റെ അനുബന്ധ സ്ഥാപനമായി കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ബദ്രഡുക്കയില്‍ സ്ഥാപിതമാവുന്നത്. 12 ഏക്കര്‍ സ്ഥലവും വിശാലമായ കെട്ടിടവും ആധുനിക യന്ത്രസാമഗ്രികളും സ്വന്തമായുണ്ടായിരുന്ന സ്ഥാപനമാണ് കേന്ദ്രം ഏറ്റെടുത്തത്. നൂറിലധികം കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നുവെങ്കിലും പത്തു കോടി രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ആസ്തി നിശ്ചയിച്ചത്. എങ്കിലും വിപുലമായ വിപണന സാധ്യതകളും അതുവഴിയുള്ള വികസനവും കൂടുതല്‍ തൊഴില്‍ അവസരങ്ങളും പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നിശ്ചയിച്ച ആസ്തി അംഗീകരിച്ച് 51 ശതമാനം ഓഹരി വിലയായ 5.1 കോടി രൂപയ്ക്ക് സംരംഭം കേന്ദ്ര സര്‍ക്കാരിന് കൈമാറുകയായിരുന്നു.


ഇതുകൂടി വായിക്കാം; തിരുവിതാംകൂറിലെ ആദ്യ ട്രേഡ് യൂണിയന് നൂറ് വയസ്


എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറുന്ന ഘട്ടത്തില്‍ നൂറിലധികം കോടി രൂപ വരെ അറ്റാദായവും അഞ്ചുകോടിയോളം രൂപ ലാഭവുമുണ്ടായിരുന്ന സ്ഥാപനമായിരുന്നു കെല്‍. കേന്ദ്രം ഏറ്റെടുത്തശേഷം കെല്‍ ‑ഭെല്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റുമതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങളൊന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടായില്ല. എന്നുമാത്രമല്ല നിലവിലുള്ള വിപണി സാധ്യതകള്‍ പോലും ഉപയോഗിക്കാത്ത സ്ഥിതിവിശേഷവുമുണ്ടായി. അതോടൊപ്പം പൊതുമേഖലാ വില്പനയും ഓഹരി കൈമാറ്റവും മുഖ്യ അജണ്ടയായി മാറിയപ്പോള്‍ സ്ഥാപനം പ്രതിസന്ധിയുടെ ആഴത്തിലേക്ക് പതിച്ചു. പൊതുമേഖലാ നിക്ഷേപം പിന്‍വലിക്കുവാന്‍ കേന്ദ്രം തീരുമാനിച്ചതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ട സ്ഥിതിയുമുണ്ടായി. 2011 ല്‍ ഇരുന്നൂറിനടുത്ത് ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ ഒമ്പതുവര്‍ഷം പിന്നിട്ടപ്പോള്‍ എണ്ണം 138 ആയി കുറഞ്ഞു. ഇത് ഉല്പന്നങ്ങളുടെ ഗുണനിലവാരത്തെയും ബാധിച്ചു. ഇതോടെ 2021 മാര്‍ച്ച് അവസാനം സ്ഥാപനം അടച്ചിടേണ്ട സാഹചര്യമുണ്ടായി. അവശേഷിക്കുന്ന ജീവനക്കാരെയും വിപണന സാധ്യതകളെയും ഉപയോഗിച്ച് സ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊള്ളാമെന്ന് പ്രതിസന്ധിയിലായ 2020ല്‍ തന്നെ അറിയിച്ചുവെങ്കിലും കേന്ദ്രം പല തടസങ്ങളും ഉന്നയിച്ച് അത് വൈകിപ്പിച്ചു. രണ്ടുവര്‍ഷത്തോളം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് 2021 മാര്‍ച്ചില്‍ പൂട്ടിയ സ്ഥാപനം വിട്ടുനല്കുന്നതിന് 2021 മെയ് മാസത്തില്‍ കേന്ദ്രം സമ്മതിക്കുന്നത്. അങ്ങനെയാണ് ഭെല്ലിന്റെ ഓഹരിയായ 51 ശതമാനവും അതുവഴി സ്ഥാപനവും കേരള സര്‍ക്കാര്‍ ഏറ്റെടുത്തതായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കോവിഡ് കാലത്ത് അടച്ചുപൂട്ടിയ സ്ഥാപനത്തെ പലവിധ വെല്ലുവിളികള്‍ക്കിടയിലും ഏറ്റെടുത്തതിന് പിന്നില്‍ ആ പ്രദേശത്തെ ജനങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കമ്പനി നവീകരിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കാനുമാവുന്ന പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചാണ് സംരംഭം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. രണ്ടു സര്‍ക്കാരുകളും അവയുടെ നയങ്ങള്‍ തമ്മിലുമുളള പ്രകടമായ വ്യത്യാസങ്ങള്‍ തെളിയിക്കുന്നതാണ് ഇന്നലെ നടന്ന കെല്‍-ഇഎംഎല്‍ എന്ന സംരംഭത്തിന്റെ പുനരാരംഭം. എല്ലാം വിറ്റുതുലയ്ക്കലും പിരിച്ചുവിടലുമെന്ന നയമാണ് ഒരു പക്ഷത്തെങ്കില്‍ വില്പനയല്ല ലാഭകരമായ നടത്തിപ്പും തൊഴിലാളികളുടെയും ജീവനക്കാരുടെയും ജീവിതവുമാണ് തങ്ങളുടെ നയമെന്ന പ്രഖ്യാപനത്തിന്റെ ആവര്‍ത്തനം കൂടിയാണ് ഇന്നലെ നടന്നിരിക്കുന്നത്.

You may also like this video;

Exit mobile version