ക്രൈം ത്രില്ലര്‍ പോലൊരാണ്ട്
സംഭവബഹുലമായ ഒരു വർഷംകൂടി കടന്നു പോകുന്നു. ദേശീയതലത്തിലെന്ന പോലെ സംസ്ഥാന സാമൂഹിക‑രാഷ്ട്രീയ മണ്ഡലങ്ങളില്‍ ചലനങ്ങൾ സൃഷ്ടിച്ച നിരവധി നിമിഷങ്ങൾക്ക് സാക്ഷ്യംവഹിച്ച ഒരു വർഷം കൂടിയാണ് 2022. ഇതിൽ ഏറെയും മനുഷ്യമനഃസാക്ഷി മരവിപ്പിക്കുന്നവയാണ്. പ്രകൃതിയുടെ സംഹാരതാണ്ഡവവും മനുഷ്യന്റെ കൊടുംക്രൂരതകളും അരങ്ങേറിയ 2022 ൽ നിരവധി അപകടമരണങ്ങളും കേരളത്തെ നടുക്കി. ഭഗവൽ സിങ്ങും മുഹമ്മദ് ഷാഫിയും ലൈലയും ഗ്രീഷ്മയും ഇന്ദുലേഖയും അനീഷും ശ്യാംജിത്തുമൊക്കെ വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയ ഒരു ക്രൈം ത്രില്ലറായിരുന്നു ഈ വര്‍ഷം. പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 2022 ൽ കേരളത്തെ നടുക്കിയ സംഭവങ്ങളിലേക്കൊരു തിരിഞ്ഞുനോട്ടം …
വലിയഴീക്കൽ പാലം
കൊല്ലം-ആലപ്പുഴ ജില്ലകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം മാർച്ച് 17ന് ഉദ്ഘാടനം ചെയ്തു. അറബിക്കടലിന്റെ പൊഴിമുഖത്തിന് (അഴീക്കൽ അഴിമുഖം) കുറുകെയാണിത് നിർമ്മിച്ചിരിക്കുന്നത്. 2016ൽ നിർമ്മാണമാരംഭിച്ച പാലത്തിന്റെ നീളം 981 മീറ്ററാണ്.
എടപ്പാൾ മേൽപ്പാലം
ഏറെ നാളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി എടപ്പാൾ മേൽപ്പാലം ജനുവരി എട്ടിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. കിഫ്ബിയിൽ നിന്ന് 13.6 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്.
നരബലിയുടെ ഞെട്ടലിൽ കേരളം
അന്ധവിശ്വാസം മനുഷ്യനെ എത്രത്തോളം നീചനും മനഃസാക്ഷി മരവിച്ച ക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണ് പത്തനംതിട്ട ഇലന്തൂരിലെ ഇരട്ടക്കൊല. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയിൽനിന്നും കാലടിയിൽനിന്നും കാണാതായ മധ്യവയസുള്ള രണ്ടു സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ പാരമ്പര്യ വൈദ്യന്റെ വീട്ടുവളപ്പിൽ കണ്ടെത്തിയതായിരുന്നു കേരളത്തെ വിറപ്പിച്ച കൊലയായത്. ഇലന്തൂർ സ്വദേശി വൈദ്യൻ ഭഗവൽ സിങ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർ പൊലീസിന്റെ പിടിയിലായി. ദേവപ്രീതിക്കായും ഐശ്വര്യലബ്ധിക്കായും മനുഷ്യരെ കൊല്ലുന്ന പ്രാചീനകാലത്തെ ദുരാചാരം ഈ ആധുനികയുഗത്തിൽ ഇവിടെയും നടന്നിരിക്കുന്നു. ഇതിനുപിന്നാലെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും വീണ്ടും നരബലി കേസുകൾ റിപ്പോർട്ട് ചെയ്തതും ഈ വർഷമാണ്.
ബഫർ സോൺ
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയാക്കണമെന്ന (ബഫർ സോൺ) സുപ്രീം കോടതി വിധി ജനങ്ങൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വിധിയുടെ അടിസ്ഥാനത്തിലും പുനഃപരിശോധനാ ഹർജിയുടെ ഭാഗമായും സംസ്ഥാനത്തെ 23 സംരക്ഷിത വനമേഖലാ പ്രദേശങ്ങളുടെ ചുറ്റളവിലുള്ള ജനവാസ മേഖലകളും കെട്ടിടങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കുന്നതിനെ ജനങ്ങളെ കുടിയൊഴിപ്പിക്കാനെന്ന തരത്തിലാണ് പ്രതിപക്ഷവും ചില സംഘടനകളും കുപ്രചരണം നടത്തുന്നത്. ജനങ്ങൾക്കൊപ്പമാണെന്ന് സർക്കാർ അറിയിച്ചിട്ടും ഇത് ഒരു രാഷ്ട്രീയ മുതലെടുപ്പാക്കി മാറ്റാനുള്ള പ്രതിപക്ഷത്തിന്റെ തത്രപ്പാടിനും ഈ വർഷം സാക്ഷിയായി.
ആര്‍എസ്എസ് അജണ്ടയുമായി ആരിഫ് മുഹമ്മദ് ഖാന്‍
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടതും നിയമപരമായി നിയമിക്കപ്പെടുന്നതുമായ ഭരണസംവിധാനങ്ങളെ വെല്ലുവിളിച്ചും ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ അധികാര ദുര്‍വിനിയോഗത്തിന് കേരളം സാക്ഷിയായ വര്‍ഷം കൂടിയാണ് 2022. കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഭാഗത്തുനിന്നുണ്ടായത്. പൗരത്വഭേദഗതി സമരങ്ങൾക്കിടെ കണ്ണൂർ സർവകലാശാലയിൽ വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരെയുണ്ടായ പ്രതിഷേധം ഗവർണർ വീണ്ടും വലിച്ചിഴച്ചതോടെയാണ് പരസ്യ പോര് ആരംഭിച്ചത്.
പിന്നീട് അത് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിലേക്കും നീണ്ടു. എ++ അക്രഡിറ്റേഷന്‍ നേടിയപ്പോള്‍ അഭിനന്ദിക്കുന്നതിന് തയ്യാറാകാതിരുന്ന ഗവര്‍ണര്‍, അര്‍ഹതപ്പെട്ട ചാന്‍സലേഴ്സ് പുരസ്കാരം വൈകിപ്പിക്കുകയും ചെയ്യുന്നു. അഞ്ചുകോടിരൂപ പുരസ്കാര തുക ലഭിച്ചാല്‍ സര്‍വകലാശാലയുടെ വികസനത്തിനുപയോഗിക്കാമെങ്കിലും അത് നല്കുന്നതില്‍ അലംഭാവം കാട്ടുകയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചെയ്തത്. ആര്‍എസ്എസ് അജണ്ട നടപ്പാക്കുവാന്‍ രാജ്‌ഭവനെ പാർട്ടി ഓഫീസാക്കി മാറ്റിയ സംഭവങ്ങളും ഈ വര്‍ഷമാണ് അരങ്ങേറിയത്.
സിൽവർ ലെെൻ
കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനെത്തുടർന്ന് മുന്നോട്ടുതന്നെ പോകുന്ന സിൽവർലൈൻ പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. പദ്ധതിക്കായുള്ള ഭൂമിയുടെ ആഘാത പഠനത്തിനായി സർക്കാരിട്ട സർവേ കല്ലുകൾ പിഴുതുമാറ്റിയ കോൺഗ്രസും ബിജെപിയും ജനങ്ങളെ വൻ ഭീതിയിലേക്ക് തള്ളിവിടാൻ നടത്തിയ ശ്രമങ്ങളാണ് കേരളം കണ്ടത്. എന്നാല്‍ കേരളത്തിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിർണായകമായ പങ്കുവഹിക്കാൻ പോകുന്ന സിൽവർ ലെെൻ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക വഴിമാറിയതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും ശ്രമങ്ങൾ അസ്ഥാനത്തായി.
കേരളത്തിലും 5ജി
രാജ്യത്തിന്റെ 5ജിയിലേക്കുള്ള മാറ്റത്തിനൊപ്പം കേരളവും കടന്ന വർഷം കൂടിയാണ് 2022. റിലയൻസ് ജിയോ ആണ് 5ജി കേരളത്തിൽ ലഭ്യമാക്കിയത്. കൊച്ചിയിലും ഗുരുവായൂരിലുമാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമായത്.
ലോകായുക്ത നിയമഭേദഗതി
വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ, ലോകായുക്ത വിധി സർക്കാരിന് തള്ളാമെന്നതടക്കം വ്യവസ്ഥകളുള്ള ഓർഡിനൻസ് നിയമമായി മാറി.
100 ദിന കർമ്മ പദ്ധതി
ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത് എൽഡിഎഫ് സർക്കാർ. 4,64,714 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ജനങ്ങൾക്ക് ദുരന്ത നിവാരണ വിദ്യാഭ്യാസം, ദുരന്ത നിവാരണ സാക്ഷരത എന്നിവ നൽകുന്ന പദ്ധതികൾക്കും തുടക്കമായി.
പോപ്പുലർ ഫ്രണ്ട് റെയ്ഡ്, അറസ്റ്റ്; നിരോധനം
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെയും അതിന്റെ എട്ട് സഹോദര സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ പ്രഖ്യാപനം കേരളത്തിലെ രാഷ്ട്രീയ, മത, സാമൂഹിക മണ്ഡലങ്ങളിലും സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. ബിജെപിയും സംഘ്പരിവാർ ഉൾപ്പെടെ തീവ്രഹിന്ദുത്വ സംഘടനകളും നിരോധനത്തെ സ്വാഗതം ചെയ്യുക എന്നത് അവരുടെ സ്വാഭാവിക പ്രതികരണമായാണ് വിലയിരുത്തപ്പെടുന്നത്. പിഎഫ്ഐയെ നിരോധിക്കണമെന്ന ആവശ്യം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക സർക്കാരുകൾ ഉന്നയിച്ചിരുന്നതായി നിരോധനം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 22 നും 27 നുമായി നടന്ന വ്യാപക തിരച്ചിലിലൂടെ സംഘടനയുമായി ബന്ധപ്പെട്ട 247 പേരെ അറസ്റ്റ് ചെയ്തിരുന്നു. 11 സംസ്ഥാനങ്ങളിലെ പിഎഫ്ഐയുടെ കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ചു കേരളത്തിൽ പിഎഫ്ഐ ആഹ്വാനം ചെയ്ത ഹർത്താൽ അക്രമത്തിലാണ് കലാശിച്ചത്. ഇതിനെതുടര്‍ന്ന് 28ന് പിഎഫ്ഐക്ക് അഞ്ചുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി.
പ്രണയം പകയും ചതിയുമാകുമ്പോൾ
പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റുവീണവര്‍ ഈ വർഷവും നിരവധിയായിരുന്നു. ഒടുവിലത്തെ ഇരയായിരുന്നു പാറശ്ശാലയിലെ ഷാരോൺ രാജ് എന്ന യുവാവ്. കേരളം കണ്ട മറ്റെല്ലാ കൊലപാതകങ്ങളും പ്രണയ നൈരാശ്യത്തിൽ നിന്നുണ്ടായ പകവീട്ടലായിരുന്നെങ്കിൽ ഒഴിവാക്കലിന്റെ ഇരയായിരുന്നു ഷാരോണ്‍. ഒരു ക്രിമിനൽ പശ്ചാത്തലവും ചൂണ്ടിക്കാണിക്കാനില്ലാത്ത അഭ്യസ്തവിദ്യയായ ഇരുപത്തിരണ്ടുകാരി വളരെ ആസൂത്രിതമായി തന്റെ കാമുകനെ കൊലപ്പെടുത്തി. കഴിഞ്ഞ അഞ്ചുവർഷമായി പ്രണയക്കൊലപാതകങ്ങൾ കണ്ട് മനം മടുത്തുപോയ കേരളത്തിന് ഇതുവരെ പരിചിതമല്ലാത്തൊരു മരണമായി അത് മാറുകയാണ്. പെൺകുട്ടികളായിരുന്നു അധികവും കൊന്നെറിയപ്പെട്ടത്. കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെന്ന പെൺകുട്ടിക്ക് ജീവൻ ബലികൊടുക്കേണ്ടിവന്നു. പ്രണയത്തിൽ നിന്ന് പിന്മാറിയതിനാണ് ശ്യാംജിത്തെന്ന യുവാവ് കൃത്യം നടത്തിയത്. പ്രണയമെന്നാൽ ചാറ്റുകളും വീഡിയോ കോളുകളും സ്റ്റാറ്റസുകളുമൊക്കെയായി മാറിയോ? പ്രണയം ഇല്ലാതാകുമ്പോൾ ഡിജിറ്റൽ തെളിവുകൾ വച്ച് ബ്ലാക്ക് മെയിലിങ്, പിന്നെ അത് പുറത്തുവരാതിരിക്കാൻ ആളെ ഇല്ലാതാക്കാനുള്ള വഴികൾ തേടലായി. നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നുണ്ടായതാണ് ആദ്യത്തേത്. രണ്ടാമത്തേത് ആഗ്രഹം കഴിഞ്ഞ് ഒഴിവാക്കാനും.
കോണ്‍ഗ്രസില്‍ വിവാദത്തിരയിളക്കി തരൂര്‍
കോണ്‍ഗ്രസില്‍ കലാപക്കൊടിയുയര്‍ത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള തോല്‍വിക്കുശേഷം ശശി തരൂര്‍ കേരള പര്യടനം നടത്തി. ദേശീയ അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരത്തില്‍ നോമിനേഷന്‍ നല്‍കിയ ശശി തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതും പോയ വര്‍ഷത്തെ പ്രധാന രാഷ്ട്രീയ സംഭവങ്ങളായി.
കെ സുധാകരനെതിരെ കോണ്‍ഗ്രസ്
പടയൊരുക്കം കെ സുധാകരനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍തന്നെ രംഗത്തിറങ്ങിയതിനും കേരളം സാക്ഷിയായി. കെ സുധാകരന്റെ ബി ജെപി അനുകൂല നിലപാടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നാകെ ചൊടിപ്പിച്ചത്. ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായ പ്രസ്താവനകള്‍ നടത്തിയ സുധാകരന്‍, മുസ്ലിം ലീഗ് പോയാലും പ്രശ്നമില്ലെന്ന മറ്റൊരു വിവാദ പ്രസ്താവനകൂടി ഈ വര്‍ഷം നടത്തി. ഇടുക്കി പൈനങ്കാവിലെ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തില്‍ പങ്കാളികളായ കെഎസ്‌യു പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വിവിധ വിവാദ പ്രസ്താവനകള്‍ നടത്തി, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ പ്രതിഷേധങ്ങള്‍ക്കും സുധാകരന്‍ പാത്രമായി.
ആരോഗ്യ സൂചികയിൽ കേരളം
ഒന്നാമത് നിതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചിക നാലാംഘട്ട സർവേയിലും ഒന്നാമതെത്തി കേരളം. സ്കോർ (82.20). തുടർച്ചയായ നാല് തവണയാണ് കേരളം ഒന്നാമതെത്തുന്നത്. ദേശീയ ഇ–ഗവേണൻസ് സേവന റിപ്പോർട്ടിലും കേരളം ഒന്നാമത്.
നോ ടു ഡ്രഗ്സ്
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഒക്ടോബർ ആറുമുതലാണ് തുടക്കമായത്. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
വടക്കഞ്ചേരി ബസപകടം
സ്‌കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി ബസിലിടിച്ചു വിദ്യാർത്ഥികളടക്കം ഒൻപതു പേർക്ക് ജീവൻ നഷ്ടമായ അപകടം കേരളത്തെ കണ്ണീരിലാഴ്ത്തി. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് വിദ്യാർത്ഥികളും അധ്യാപകനായ ഒരാളും മൂന്നു കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. തുടർന്ന് നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾ നിരത്തിൽ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വേഗ നിയന്ത്രണ സംവിധാനങ്ങൾ, എക്സ്ട്രാ ഫിറ്റിങ‍്സുകൾ, അനധികൃത രൂപമാറ്റങ്ങൾ, ബ്രേക്ക് ലൈറ്റ്, പാർക്കിങ് ലൈറ്റ്, സിഗ്നൽ ലൈറ്റ് മുതലായവ കർശന പരിശോധനകള്‍ക്ക് വിധേയമാക്കി.
പി ടി ഉഷയ്ക്ക് രാജ്യസഭാംഗത്വം
ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി ജൂലെെ 20ന് സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. 14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ.
സി വി ആനന്ദബോസ് ബംഗാൾ ഗവര്‍ണര്‍
മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. സി വി ആനന്ദബോസ് നവംബര്‍ 23നാണ് ബംഗാൾ ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്.
ചര്‍ച്ചയില്‍ നിറഞ്ഞ് വിഴിഞ്ഞം
വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ആരംഭിച്ച സമരം സംഘർഷത്തിലേക്ക് നീങ്ങി. കടലിലും കരയിലുമായി ഉപരോധമടക്കം നടത്തി തുടങ്ങിയ സമരം 100 ദിനങ്ങൾ പിന്നിട്ടതോടെ പ്രക്ഷോഭത്തിലേക്കും വഴിമാറി. സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് സ്റ്റേഷനിലേക്ക് എത്തിയ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. തുടർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർപ്പിലെത്തി.
മെഡിസെപ്
സംസ്ഥാനത്തെ 10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ആരംഭിച്ചത്. ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ
രാഷ്ട്രീയ കൊലപാതകങ്ങൾക്കു 2022 ലും അറുതിയില്ല. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയ സംഭവത്തോടെയാണ് പോയ വർഷത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടക്കം. ജനുവരി 10ന് നടന്ന കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകരായ എട്ടുപേരാണ് പ്രതികൾ. എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ പിറ്റേദിവസം ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനും കൊല ചെയ്യപ്പെട്ടു. സംഭവത്തിൽ ആർഎസ്എസ്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മലമ്പുഴ കുന്നങ്കോട് സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ ഓഗസ്റ്റിലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി പ്രവർത്തകരാണ് പ്രതികൾ.
കേരളം @ 2022; നഷ്ടങ്ങളുടെ വർഷം
എം കെ പ്രസാദ്
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ എം കെ പ്രസാദ് ജനുവരി 17ന് അന്തരിച്ചു.
കെപിഎസി ലളിത
മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളായിരുന്ന കെപിഎസി ലളിത വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2022 ഫെബ്രുവരി 22നാണ് അന്തരിക്കുന്നത്. 50 കൊല്ലത്തിനിടയിൽ അഞ്ഞൂറിലേറെ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു.
ഹൈദരലി ശിഹാബ്
തങ്ങൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കേരള സംസ്ഥാന അധ്യക്ഷനും കേരളത്തിലെ ഇസ്‍ലാമിക ആത്മീയ സംഘടനകളിലൊന്നായ എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹൈദരലി ശിഹാബ് തങ്ങൾ മാർച്ച് 6ന് ആണ് അന്തരിച്ചത്.
തലേക്കുന്നിൽ ബഷീർ
ലോക്‌സഭാംഗം, രാജ്യസഭാംഗം, നിയമസഭാംഗം, കെപിസിസി ആക്ടിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവായിരുന്നു തലേക്കുന്നിൽ ബഷീർ. മാർച്ച് 25ന് ആണ് അന്തരിച്ചത്.
കെ ശങ്കരനാരായണൻ
ഗവർണർ, സംസ്ഥാന മന്ത്രി, യുഡിഎഫ് കൺവീനർ, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ച കേരളത്തിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു കെ ശങ്കരനാരായണൻ. ഏപ്രിൽ 24ന് ആണ് ശങ്കരനാരായണൻ അന്തരിക്കുന്നത്.
ടി ശിവദാസമേനോൻ
1996 മുതൽ 2001 വരെ സംസ്ഥാന ധനകാര്യ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു ടി ശിവദാസമേനോൻ. സിപിഐ (എം)ന്റെ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന ടി ശിവദാസമേനോൻ. മൂന്ന് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും സേവമനുഷ്ഠിച്ചിട്ടുണ്ട്. ജൂൺ 28 നാണ് ശിവദാസമേനോൻ വിടവാങ്ങിയത്.
മാളിയേക്കൽ മറിയുമ്മ
മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിതയായിരുന്നു മാളിയേക്കൽ മറിയുമ്മ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഓഗസ്റ്റ് അഞ്ചിനാണ് അന്തരിച്ചത്.
ബർലിൻ കുഞ്ഞനന്തൻ നായർ
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്നു മാർക്സിസ്റ്റ് ചിന്തകനായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ. ഒളിക്യാമറകൾ പറയാത്തത്, പൊളിച്ചെഴുത്ത് തുടങ്ങിയവയാണ് അദ്ദേഹം രചിച്ച പ്രധാന പുസ്തകങ്ങൾ. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഓഗസ്റ്റ് എട്ടിനാണ് അന്തരിക്കുന്നത്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സന്തതസഹചാരിയായിരുന്ന ബർലിൻ പാർട്ടിയുടെ നയവ്യതിയാനങ്ങളെ വിമർശിക്കാനും മറന്നിരുന്നില്ല.
ആര്യാടൻ മുഹമ്മദ്
കോൺഗ്രസിന് മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് വലിയ സ്വാധീനം ഉണ്ടാക്കിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന മന്ത്രിയുമായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു. 1935 ൽ ജനിച്ച ആര്യാടൻ മുഹമ്മദ് സെപ്റ്റംബർ 25 ന് ആണ് മരണപ്പെടുന്നത്.
കോടിയേരി ബാലകൃഷ്ണൻ
സിപിഐ(എം) മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ ഒക്ടോബർ ഒന്നിനായിരുന്നു അന്തരിച്ചത്. ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് കോടിയേരി ബാലകൃഷ്ണൻ വിട വാങ്ങുന്നത്. 2006 മുതൽ 11 വരെ ആഭ്യന്തരമന്ത്രിയും പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായിരുന്നു. 2001 മുതൽ 16 വരെ തലശേരി എംഎൽഎ. 2015 ൽ സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2022 ഓഗസ്റ്റ് 28ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനമൊഴിയുകയായിരുന്നു.
ടി ജെ ചന്ദ്രചൂഡൻ
കേരളത്തിലെ ആര്‍എസ്‍പിയുടെ ഏറ്റവും മുതിർന്ന നേതാവായിരുന്ന ടി ജെ ചന്ദ്രചൂഡന്റെ മരണവും ഈ വർഷമായിരുന്നു. 83-ാം വയസിൽ ഒക്ടോബർ 31 ന് ആയിരുന്നു ടി ജെ ചന്ദ്രചൂഡൻ അന്തരിക്കുന്നത്. 2008 മുതൽ 18 വരെ ആര്‍ എസ്‌പിയുടെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു.
ടി പി രാജീവൻ
ദക്ഷിണേന്ത്യയിലെ പ്രമുഖ സാഹിത്യകാരിൽ ഒരാളായിരുന്നു ടി പി രാജീവൻ. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയിരുന്ന ടി പി രാജീവൻ മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായിരുന്ന ടി പി രാജീവൻ നവംബർ രണ്ടിനാണ് അന്തരിക്കുന്നത്.
എം സി ജോസഫൈൻ
സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈൻ. 1948 ഓഗസ്റ്റ് മൂന്നിന് ജനനം. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 10 നായിരുന്നു അന്ത്യം.
കെ പി ശശി
സിനിമാ, ഡോക്യുമെന്ററി സംവിധായകനും കാർട്ടൂണിസ്റ്റുമായ കെ പി ശശി ഡിസംബര്‍ 25 നാണ് അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് കെ ദാമോദരന്റെ മകനാണ്.