ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ കേരളത്തിന് റെക്കോഡ് നേട്ടം. ഈ വർഷത്തെ ആദ്യ മൂന്നു പാദത്തിൽ 1,33,80,000 ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയത്. കേരളത്തില്‍, ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒമ്പതു മാസത്തെ കണക്കില്‍ സര്‍വകാല റെക്കോഡാണിത്. കോവിഡിന് മുമ്പുള്ള കാലത്തേക്കാൾ 1.49 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്താൽ 196 ശതമാനം മുന്നിലാണ് സഞ്ചാരികളുടെ എണ്ണം. കോവിഡാനന്തര ടൂറിസത്തിൽ കേരളം നടത്തുന്ന വലിയ കുതിപ്പാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സംസ്ഥാന ജിഡിപി റിപ്പോർട്ടിൽ കേരളത്തിന്റെ സാമ്പത്തികവളർച്ച 12.07 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്ക് മുകളിലാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനിടയാക്കിയ ഒരു ഘടകം ടൂറിസം മേഖലയാണ്. 120 ശതമാനം വളർച്ചയാണ് ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്.
ഓരോ സമയത്തിനനുസരിച്ചും വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിലൂടെയാണ് കൂടുതൽ നേട്ടം കേരളത്തിന് കൈവരിക്കാനാകുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോവിഡ് സമയത്ത് ആരംഭിച്ച കാരവൻ കേരള അത്തരമൊരു പദ്ധതിയായിരുന്നു. ഇത് വിദേശ ടൂറിസ്റ്റുകളെയടക്കം ആകർഷിക്കുന്ന പദ്ധതിയാണ്. കാരവൻ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ബോൾഗാട്ടിയിലും കുമരകത്തും കാരവൻ പാർക്കുകൾ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. അടുത്തിടെ ലണ്ടനിൽ നടന്ന ലോക ടൂറിസം മാർക്കറ്റിൽ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി അംഗീകരിക്കപ്പെട്ടു. ലോക ടൂറിസം മാർട്ടിൽ കേരള പവലിയന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ട്രാവൽ പ്ലസ് ലിഷർ മാഗസിന്റെ വായനക്കാർ മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത് കേരളത്തെയാണ്. ടൂറിസം ഡയറക്ടർ പി ബി നൂഹും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഏറ്റവും കൂടുതല്‍ എറണാകുളത്ത്; കൂടുതല്‍ പേര്‍ തമിഴ്‌നാട്ടില്‍ നിന്ന്
ജില്ലാടിസ്ഥാനത്തിൽ എറണാകുളത്താണ് ഈ വർഷം കൂടുതൽ സഞ്ചാരികൾ എത്തിയത്, 28,93,961 പേർ. തിരുവനന്തപുരം (21,46,969), ഇടുക്കി (17,85,276), തൃശൂർ (15,07511), വയനാട് (10, 93,175) ജില്ലകളാണ് തൊട്ടു പിറകെ. തമിഴ്‌നാട് (11,60,336), കർണാടക (7,67,262), മഹാരാഷ്ട്ര (3,82,957), ആന്ധ്രാപ്രദേശ് (1,95,594), ഡൽഹി (1,40,471) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ സഞ്ചാരികൾ കേരളത്തിലെത്തിയത്.
English Summary: Kerala achieves record in arrival of domestic tourists
You may also like this video