Site iconSite icon Janayugom Online

ശുചിത്വ രംഗത്തും കേരള മികവ്; ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം

ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്കരണ രംഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയെന്ന് ഹരിത ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി. ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയിട്ടില്ലയെന്നതും ശ്രദ്ധേയമാണ്.
മറ്റ് സംസ്ഥാനങ്ങൾക്ക് ആയിരക്കണക്കിന് കോടിരൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്. സംസ്ഥാന സർക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു. 

ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാൻ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളൊരുക്കും. 2026ഓടെ സമ്പൂർണ ശുചിത്വ കേരളം സാധ്യമാക്കാനുള്ള സജീവ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ആയിരക്കണക്കിന് കോടി രൂപയാണ് ഹരിത ട്രിബ്യൂണൽ പിഴ ചുമത്തിയത്. 

ഖര‑ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാൻ കേരളം നടത്തുന്ന ഇടപെടലുകളിൽ ഹരിത ട്രിബ്യൂണൽ വിധി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെക്കുറിച്ചും പരാമർശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്കരണപദ്ധതികൾ പൂർത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചിട്ടുണ്ട്. ദ്രവമാലിന്യം കൈകാര്യം ചെയ്യാൻ കേരളം 2343.18 കോടിയുടെ പദ്ധതികൾ ഇതിനകം രൂപകല്പന ചെയ്തു. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ നിർണായക വിധി. 

Eng­lish Summary:Kerala also excels in clean­li­ness; Approval of Green Tribunal
You may also like this video

Exit mobile version