താനൂർ ബോട്ട് ദുരന്തത്തിൽ അപകടം സംഭവിച്ചത് നിമിഷങ്ങൾക്കകം കൈമെയ് മറന്ന് രക്ഷാപ്രവർത്തനം നടത്തിയത് താനൂരിലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും. പിന്നീട് സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പ്രദേശത്തേക്ക് ഓടിയെത്തി. പിന്നീട് കണ്ടത് കൂട്ടായ രക്ഷാപ്രവർത്തനമായിരുന്നു.
അപകടം സംഭവിച്ച ആദ്യ മണിക്കൂറുകളിൽ പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. വിവരമറിഞ്ഞ് സമീപപ്രദേശങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അടക്കം ഓടിയെത്തി. ആദ്യം ചെറിയ അപകടം ആകും എന്നാണ് കരുതിയത്. എന്നാൽ അപകടത്തിലെ മരണസംഖ്യ വർധിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി മനസിലായത്. ഇതോടെ മന്ത്രിമാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തുടങ്ങി.
ജില്ലയിൽ നിന്നും പുറത്തു നിന്നുമുള്ള ഫയർഫോഴ്സും ടിഡിആർഎഫ് പൊലീസ് വളണ്ടിയർമാർ അടക്കമുള്ള സന്നദ്ധപ്രവർത്തകരും റസ്ക്യൂ ഫോസും പൊലീസും നാട്ടിലെ മറ്റു വിവിധ സംഘടന പ്രവർത്തകരും ഉൾപ്പെടെയുള്ളവരും രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി വി അബ്ദുറഹ്മാൻ, മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ വേഗത്തില്‍ അപകടസ്ഥലത്തെത്തി. രാത്രിതന്നെ റവന്യുമന്ത്രി കെ രാജന്‍, മറ്റുമന്ത്രിമാരായ അഹമ്മദ് തേവർ കോവിൽ, കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രന്‍ എന്നിവർ താനൂരിൽ നേരിട്ട് എത്തിയിരുന്നു. എംഎൽഎമാരായ അബുദുൽ ഹമീദ്, ടി വി ഇബ്രാഹിം, എൻ ഷംസുദ്ദീൻ, ഉബൈദുള്ള എംപിമാരായ ഈ ടി മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി, ലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് സാദിക്കലി, മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരും സ്ഥലത്തെത്തി.
ഇന്ന് രാവിലെ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ദുരന്തനിവാരണസേന പുഴ ഇളക്കിമറിച്ചാണ് ആദ്യം തിരച്ചില്‍ തുടങ്ങിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ടീം കാമറ ഉപയോഗിച്ചും തിരച്ചില്‍ നടത്തി. നേവിയുടെയും കോസ്റ്റല്‍ പൊലീസിന്റെയും പ്രവര്‍ത്തനം ദുരന്തമുഖത്തുണ്ട്. കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളും നാട്ടുകാരും പുഴയിലും അഴിയോരത്തുമായി തുടരുന്ന തിരച്ചിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
English Sammury: parappanangadi boat accident, Kerala Army was the first to come to the rescue operation