Site iconSite icon Janayugom Online

ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിച്ച് കേരളം

കോവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന ടൂറിസം മേഖല ഈ വർഷം ആദ്യപാദത്തിൽ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിച്ച് അതിജീവന പാതയിലേക്ക്. 22 ലക്ഷം ആഭ്യന്തര സഞ്ചാരികൾ എത്തിയ കഴിഞ്ഞ വർഷത്തെ സമാന കാലയളവിനേക്കാൾ 72.48 ശതമാനം വളർച്ച കൈവരിക്കാനായെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2022 ലെ ആദ്യപാദത്തിൽ 8,11,426 ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവിൽ ഒന്നാമത്. 6,00,933 പേർ എത്തിയ തിരുവനന്തപുരമാണ് രണ്ടാമത്. 

ഇടുക്കി (5,11,947), തൃശൂർ (3,58,052), വയനാട് (3,10,322) ജില്ലകളാണ് യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിൽ. ഈ വർഷത്തെ ആദ്യ മൂന്നുമാസങ്ങളിൽ 16 ലക്ഷം സഞ്ചാരികളുടെ വർധനവ് നേടാനായി. കോവിഡ് മഹാമാരിയിൽ നിന്നും കേരള ടൂറിസം കരകയറിയതിന്റെ സൂചനയാണ് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവ് വ്യക്തമാക്കുന്നത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ ആദ്യപാദത്തിലെ 14,489 എന്ന നിലയിൽ നിന്നും 200.55 ശതമാനം വർധനയോടെ ഈ വർഷം ആദ്യ പാദത്തിൽ 43,547ലേക്ക് എത്താനായി. ഈ വർഷം ആദ്യപാദത്തിൽ 29,000 വിദേശ സഞ്ചാരികളാണ് കഴിഞ്ഞ വർഷത്തേക്കാൾ അധികമായി എത്തിയത്. 

എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതൽ വിദേശ സഞ്ചാരികളെത്തിയത്. സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങളെ സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടേതായിരിക്കും ഈ വർഷം. കോവിഡിനു ശേഷം ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി കഴിഞ്ഞ ഒക്ടോബർ‑ഡിസംബർ മാസങ്ങളിൽ നടത്തിയ 360 ഡിഗ്രി പ്രചാരണത്തിന്റെ പ്രതിഫലനമാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയെന്ന് മന്ത്രി പറഞ്ഞു.

Eng­lish Summary:Kerala attracts domes­tic tourists
You may also like this video

Exit mobile version