Site iconSite icon Janayugom Online

വായ്പേതര സഹകരണ സംഘങ്ങളുടെ വികസനത്തിന് കേരളബാങ്ക് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുന്നു

കേരളത്തിലെ വായ്പേതര സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് കേരള ബാങ്ക് മുഖാന്തിരം വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനത്ത് വായ്പേതര സഹകരണ സംഘങ്ങൾ വിവിധങ്ങളായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വിഷയം യാഥാർത്ഥ്യബോധത്തോടെ പഠനം നടത്തി അഭിസംബോധന ചെയ്യുന്നതിനാണ് കേരള ബാങ്ക് ആലോചിക്കുന്നത്. കൺസ്യൂമർ ഫെഡ് ചെയർമാനും കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ എം മെഹബൂബിന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ വി ശശി, ഇ രമേശ് ബാബു എന്നിവർ ഉൾപ്പെട്ട സമിതി വായ്പേതര സഹകരണ സംഘങ്ങൾക്കായി വിപുലമായ കർമ്മ പദ്ധതി തയ്യാറാക്കും. കണ്ണൂർ, കോഴിക്കോട്, എറണാകുളം റീജ്യണുകളിലെ വായ്പേതര സഹകരണ സംഘങ്ങളുടെ പ്രതിനിധികളുമായി ഇതിനോടകം കൂടിക്കാഴ്ച പൂർത്തിയായിട്ടുണ്ടെന്ന് വായ്പേതര സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് കേരള ബാങ്ക് രൂപീകരിച്ച സമിതിയുടെ കൺവീനർ കൂടിയായ എം മെഹബൂബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ പിന്തുണയോടെ വായ്പേതര സഹകരണ സംഘങ്ങളിലെ വിവിധ ഉപവിഭാഗങ്ങളെ സംബന്ധിച്ച് അക്കാദമിക് വിദഗ്ധരെയും ഉദ്യോഗസ്ഥരെയും സഹകാരികളെയും ഉൾപ്പെടുത്തി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങൾ പഠിച്ച് കേരള ബാങ്ക് ഭരണ സമിതിക്കും സർക്കാരിനും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വായ്പേതര സഹകരണ സംഘങ്ങളുടെ വികസനം ഉറപ്പാക്കാൻ വിവിധ വിഷയങ്ങൾ സമിതി അടിയന്തിരമായി പരിശോധിക്കും. വായ്പേതര സംഘങ്ങളുടെ ബാങ്കിംഗ് ആവശ്യങ്ങളെല്ലാം കേരള ബാങ്കിലൂടെ നിർവ്വഹിക്കാനാകുമെന്ന് ഉറപ്പാക്കും. സംഘങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പ്രവർത്തന മൂലധനത്തിന് ആവശ്യമായ വായ്പാ പദ്ധതികൾ എന്നിവയെല്ലാം ലളിതമായ വ്യവസ്ഥകളോടെ നടപ്പാക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെക്കും.

ജില്ലാ സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് കാലങ്ങളായി നിഷ്ക്രിയ ആസ്തിയായി തുടരുന്ന വായ്പകൾ അർഹമായ ഇളവോടെ തീർപ്പാക്കുന്നതിന് പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി ശുപാർശ ചെയ്യും. നബാർഡു വഴി ലഭിക്കുന്ന വായ്പാ പദ്ധതികൾ വായ്പേതര സഹകരണ സംഘങ്ങളിലും നടപ്പാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ദേശീയ ശ്രദ്ധ ആകർഷിച്ച ആശുപത്രി സംഘങ്ങൾ, വിദ്യാഭ്യാസ സംഘങ്ങൾ എന്നിവയ്ക്ക് കൂടുതൽ വായ്പ നൽകുന്ന കാര്യം പരിഗണിക്കും. വായ്പേതര സംഘങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾ കേരള ബാങ്കുമായി ബന്ധിപ്പിച്ച് കൂടുതൽ വിപുലമായി നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കും. ഇത്തരത്തിൽ കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് കേരള ബാങ്കിനും സർക്കാരിനും സമർപ്പിക്കുമെന്നും എം മെഹബൂബ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സമിതി അംഗം ഇ രമേഷ് ബാബു, കേരള ബാങ്ക് കോഴിക്കോട് റീജ്യണൽ ജനറൽ മാനേജർ സി അബ്ദുൾ മുജീബ് എന്നിവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: Ker­ala Bank imple­ments exten­sive schemes for the devel­op­ment of non-cred­it co-oper­a­tive societies

You may like this video also

Exit mobile version