സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രധാന മേഖലകളിലെല്ലാം മികച്ച പ്രകടനത്തോടെ കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ വൻ നേട്ടമുണ്ടാക്കി. ഇക്കാലയളവിൽ ലാഭത്തിലും നിക്ഷേപത്തിലും വായ്പാ വിതരണത്തിലും നേട്ടങ്ങളുണ്ടാക്കിയതിനൊപ്പം കിട്ടാക്കടങ്ങൾ കുറയ്ക്കാനും ബാങ്കുകൾക്ക് കഴിഞ്ഞു. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ ചേർന്ന് 1564 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുൻവർഷം ഇതേകാലയളവിൽ ബാങ്കുകളുടെ ലാഭം 1084 കോടി രൂപയായിരുന്നു.
ഫെഡറൽ ബാങ്കിന്റെ അറ്റാദായം 25.4 ശതമാനം ഉയർന്ന് 1006.74 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 197 ശതമാനം ഉയർന്ന് 305.4 കോടി രൂപയിലെത്തി. സിഎസ്ബി ബാങ്കിന്റെ ലാഭം 150 കോടി രൂപയാണ്. അതേസമയം ചെറുബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 86 ശതമാനം കുറഞ്ഞ് മൂന്ന് കോടി രൂപയിലെത്തി. ബാങ്കുകളുടെ പലിശ വരുമാനത്തിലുണ്ടായ വർധനയാണ് മികച്ച നേട്ടത്തിന് സഹായിച്ചത്. ഫെഡറൽ ബാങ്കിന്റെ പലിശ വരുമാനം ഡിസംബർ പാദത്തിൽ 8.5 ശതമാനം ഉയർന്ന് 2,123.4 കോടി രൂപയായി.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പലിശ വരുമാനം 15 ശതമാനം ഉയർന്ന് 819 കോടി രൂപയിലെത്തി. സി എസ് ബി ബാങ്കിന്റെ പലിശ വരുമാനം 382 കോടി രൂപയായി ഉയർന്നു.
ധനലക്ഷ്മി ബാങ്കിന്റെ വരുമാനവും 308 കോടി രൂപയായി ഉയർന്നു. ഡിസംബർ 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ നാല് ബാങ്കുകളിലായി 3.76 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ഫെഡറൽ ബാങ്കിലെ നിക്ഷേപം 18.96 ശതമാനം ഉയർന്ന് 2.4 ലക്ഷം കോടി രൂപയിലെത്തി.
സൗത്ത് ഇന്ത്യ, ബാങ്കിലെ നിക്ഷേപം 95,088 കോടി രൂപയാണ്. ബാങ്കിന്റെ പ്രവാസി നിക്ഷേപം ഇക്കാലയളവിൽ 1,272 കോടി രൂപ വർധിച്ച് 29,236 കോടി രൂപയായി. സിഎസ്ബി ബാങ്കിന്റെ മൊത്തം നിക്ഷേപം 27,345 കോടി രൂപയാണ്.
English Summary:Kerala based private banks with better performance
You may also like this video