പത്മശ്രീ ഐ എം വിജയനെ ആദരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം താരം കൂടിയായിരുന്ന ഐ എം വിജയന് രാജ്യം പത്മശ്രീ നൽകി ആദരിച്ച പുരസ്കാര നിറവിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ഐഎസ്എൽ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സിഇഒ അഭിക് ചാറ്റർജി ഐ എം വിജയനെ പൊന്നാടയണിയിച്ച് ആദരിച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം തന്റെ സന്തോഷം പങ്കുവയ്ക്കാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നും തനിക്ക് ലഭിച്ച പത്മശ്രീ ഫുട്ബോളിനുള്ള അംഗീകാരം കൂടിയാണെന്നും ഐഎം വിജയൻ പറഞ്ഞു. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ 12-ാം സെക്കന്റിൽ ഗോൾ നേടിയ ഐ എം വിജയൻ, ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന താരമെന്ന രാജ്യാന്തര റെക്കോഡ് കരസ്ഥമാക്കിയിരുന്നു.