കാൽ നൂറ്റാണ്ടിനുള്ളിൽ ലോകത്തിലെ വികസിത രാജ്യങ്ങൾക്ക് തുല്യമായി കേരളത്തെ ഉയർത്തുന്നതിനുള്ള അടിത്തറപാകി എൽഡിഎഫ് സർക്കാരിന്റെ 2022–23 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ചു.
കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ജീവിത നിലവാരവും തൊഴിലും നാടിന്റെ സമസ്ത മേഖലയിലുമുള്ള വികസനവും ഉറപ്പു നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. വിജ്ഞാനത്തെയും ഉല്പാദനത്തെയും ബന്ധിപ്പിച്ചുള്ള വികസന കാഴ്ചപ്പാടും നയങ്ങളും ബജറ്റിൽ പ്രതിഫലിക്കുന്നു.
പുതിയ മേഖലകളുടെയും സാങ്കേതിക വിദ്യകളുടെയും സാധ്യതകൾ ഉപയോഗപ്പെടുത്തി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി കേരളത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു. 167 പേജുള്ള ബജറ്റ് പ്രസംഗം രണ്ട് മണിക്കൂർ 15 മിനിട്ടെടുത്താണ് ടാബിലൂടെ അദ്ദേഹം വായിച്ചു തീർത്തത്.
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ജനങ്ങൾക്ക് ഉറപ്പാക്കിയും വിലക്കയറ്റം തടഞ്ഞും പാൽ, മുട്ട, പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉല്പാദനം വർധിപ്പിച്ച് സ്വയംപര്യപ്തതയിലേക്കു നീങ്ങുന്നതിനുള്ള നടപടികൾക്കും ബജറ്റ് മുന്തിയ മുൻഗണന നൽകുന്നു. രാജ്യത്തെ വിവിധ സൂചികകളിൽ മുന്നിലുള്ള കേരളത്തിലെ വിനോദസഞ്ചാരം ആഗോള നിലവാരത്തിൽ ഉയർത്തിയും റോഡ്-റയിൽ ഗതാഗത മേഖലകളെ ലോകോത്തര നിലവാരത്തിൽ യാഥാർത്ഥ്യമാക്കുന്ന പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തി. കാർഷിക മൂല്യവർധിത ഉല്പന്നങ്ങളിൽ നിന്നുള്ള വരുമാനത്തിലൂടെ കർഷകരെയും കാർഷിക മേഖല ഒന്നാകെ സംരക്ഷിക്കുകയും സഹകരണ സ്ഥാപനങ്ങളെ കൂട്ടിയിണക്കിയുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നു. മരച്ചീനിയിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്നതടക്കം മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതടക്കമുള്ള പൈലറ്റ് പ്രോജക്ടുകളും ബജറ്റിൽ തുടക്കം കുറിക്കുന്നു.
ലോകത്തിന്റെ വികസന കാഴ്ചപ്പാടിനൊപ്പം കുതിച്ചും ആധുനിക ശാസ്ത്ര‑സാങ്കേതിക മേഖലകളിലെ സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. പ്രയോഗിക ജീവിതത്തിന് ഗുണപ്പെടുന്ന തരത്തിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്കരിച്ചും പുതുതലമുറയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള നിർദ്ദേശങ്ങളും ബജറ്റിലുണ്ട്.
2022–23ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യൂവരവ് 1,34,097.80 കോടിയും റവന്യൂ ചെലവ് 1,57,065.89 കോടി രൂപയും റവന്യൂ കമ്മി (-) 22,968.09 കോടിയുമാണ്. മൂലധന ചെലവ് — തനി (-)14,841.16 കോടിയും വായ്പകളും മുൻകൂറുകളും — തനി (-)1,307.36 കോടിയുമാണ്. പൊതുകടം 27,856.03 കോടിയും പൊതുകണക്ക് തനി 11,230 കോടിയുമാണ്. ആകെ കമ്മി (-) 30.58 കോടിയും വർഷാരംഭ രൊക്കബാക്കി (-) 249.58 കോടിയും വർഷാന്ത്യ രൊക്ക ബാക്കി (-)280.16 കോടിയുമാണ്.
ഇപ്പോൾ പ്രഖ്യാപിച്ച അധിക ചെലവ് (-) 1,081 കോടിയും നികുതി ഇളവുകൾ (-) രണ്ടുകോടിയും അധിക വിഭവ സമാഹരണം 602 കോടിയുമാണ്. വർഷാന്ത്യ രൊക്ക ബാക്കി (-)761.16 കോടിയുമാണ്.
English Summary: Kerala Budget: Leap to the Quarter Century
You may like this video also