കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി സംസ്ഥാനത്ത് വൻ വിജയമാകുന്നു. ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് റെക്കോർഡ് വില്പനയാണ് കേരള ചിക്കൻ നടത്തിയത്. ഡിസംബർ 31‑നും ജനുവരി ഒന്നിനുമായി മാത്രം 1.27 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതി സ്വന്തമാക്കിയത്. വെറും രണ്ട് ദിവസം കൊണ്ട് 98,000 കിലോ ചിക്കനാണ് കുടുംബശ്രീ ഔട്ട് ലെറ്റുകൾ വഴി വിറ്റഴിച്ചത്.വിപണി പിടിച്ചെടുത്ത് കുടുംബശ്രീ ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഇറച്ചി മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2019‑ൽ ആരംഭിച്ച പദ്ധതിയാണിത്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ കേരളത്തിലെ ഇറച്ചിക്കോഴി വിപണിയുടെ 10 % കൈക്കലാക്കാൻ കേരള ചിക്കന് സാധിച്ചു.
നിലവിൽ കോഴിക്കോട് ജില്ലയാണ് വില്പനയിൽ ഒന്നാമത്. തൊട്ടുപിന്നാലെ തിരുവനന്തപുരം ജില്ലയുമുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയം 75 ലക്ഷം രൂപയായിരുന്നു വിറ്റുവരവെങ്കിൽ ഇത്തവണ അത് വലിയ തോതിൽ വർധിച്ചു.ജനുവരി മാസത്തെ വിറ്റുവരവ് ഇതുവരെ 6,49,08,627.17 കോടി രൂപ. മാർച്ച് മാസത്തോടെ വിറ്റുവരവ് 140 കോടി കടക്കും. പദ്ധതി തുടങ്ങിയത് മുതൽ ഇതുവരെ 460 കോടി രൂപയുടെ ബിസിനസ്സ് നടന്നു. സംസ്ഥാനത്തുടനീളം 512 ബ്രോയ്‌ലര്‍ ഫാമുകളും 156 ഔട്ട് ലെറ്റുകളും നിലവിലുണ്ട്. ഇനി സ്നാക്ക്സ് ബാറും വരുന്നു.
ഇറച്ചി വിൽപനയ്ക്ക് പുറമെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണിയിലേക്കും കേരള ചിക്കൻ കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫ്രോസൺ ചിക്കൻ പാക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. കൂടാതെ, ചിക്കൻ കൊണ്ടുള്ള വ്യത്യസ്തമായ വിഭവങ്ങൾ വിളമ്പുന്ന കുടുംബശ്രീയുടെ ആദ്യ ‘സ്നാക്ക്സ് ബാർ’ ഈ മാസം തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവില്‍ പ്രവർത്തനം ആരംഭിക്കും. ഇതോടെ കൂടുതൽ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

